ഭാര്യയുമായി തര്‍ക്കം; ഒരു വയസുള്ള മകളെ പിതാവ് എറിഞ്ഞു കൊന്നു

കുഞ്ഞിനെ ഉടന്‍ തന്നെ അടുത്തുള്ള പ്രാദേശിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

നോയിഡ: ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മദ്യപിച്ചെത്തിയ പിതാവ് ഒരു വയസുള്ള മകളെ എറിഞ്ഞു കൊന്നു. ഉത്തര്‍പ്രദേശിലെ ഗാരി ചൗഖണ്ടി എന്ന ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇഷിക എന്ന ഒരു വയസുകാരിയാണ് മരിച്ചത്. കുഞ്ഞിന്‍ തറയില്‍ എറിഞ്ഞു കൊന്ന ശേഷം പിതാവ് പങ്കജ് ഒളിവില്‍ പോയിരിക്കുകയാണ്.

പങ്കജ് നോയിഡയില്‍ ആശാരിയായി ജോലി ചെയ്യുന്ന ആളാണ്. മദ്യപിച്ചെത്തുന്ന ഇയാള്‍ ഭാര്യ ഗുഡിയയുമായി എന്നും വഴക്കിടാറുണ്ടായിരുന്നുവെന്ന് ഇവരുടെ സഹോദരന്‍ കരണ്‍ പറഞ്ഞു. സംഭവ ദിവസവും പതിവു പോലെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് പ്രകോപിതനായ പങ്കജ് ഇയാളുടെ മറ്റൊരു മകളുടെ കൈയ്യിലിരുന്ന കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങി സമീപത്തെ ഗ്രൗണ്ടിലേയ്ക്ക്
വലിച്ചെറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിനെ ഉടന്‍ തന്നെ അടുത്തുള്ള പ്രാദേശിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പങ്കജിനെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇയാളെ എത്രയും വേഗം കണ്ടെത്തുമെന്നും അതിനായുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായും പോലീസ് അറിയിച്ചു.

Exit mobile version