ഓടുന്ന കാറില്‍ നിന്ന് യുവതിയെ തള്ളിയിട്ടു; ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും കൊലപാതക ശ്രമം ഒപ്പിയെടുത്ത് സിസിടിവി, അരുണ്‍ ആരതിയോട് ചെയ്തതും കൊടും ക്രൂരതകള്‍!

2008 ലാണ് ആരതി എഞ്ചിനീയറായ അരുണിനെ വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്.

ചെന്നൈ: ഓടുന്ന കാറില്‍ നിന്ന് യുവതിയെ തള്ളിയിട്ട് ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ക്രൂരത. നടത്തിയത് കൊലപാതക ശ്രമമായിരുന്നുവെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. ഭര്‍ത്താവ് മാതാപിതാക്കളുടെ സഹായത്തോടെയാണ് യുവതിയെ കൊലപ്പെടുത്തുവാന്‍ ശ്രമം നടത്തിയത്.

ആരതി അരുണ്‍(38) എന്ന യുവതിയാണ് ഭര്‍ത്താവിന്റെ ക്രൂരതയ്ക്ക് ഇരയായത്. 2008 ലാണ് ആരതി എഞ്ചിനീയറായ അരുണിനെ വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഇപ്പോള്‍ മാത്രമല്ല ആരതിക്ക് നേരെ അരുണിന്റെ ആക്രമണം ഉണ്ടായിട്ടുള്ളത്. കല്യാണം കഴിഞ്ഞ നാള്‍ മുതല്‍ ആക്രമണം പതിവായിരുന്നു. മാനസികമായ ഉപദ്രവത്തിനു പുറമെ അരുണ്‍ തന്നെയും കുട്ടികളെയും ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്ന് ആരതി വെളിപ്പെടുത്തി.

അരുണിന്റെ ഉപദ്രവം അസഹനീയമായതോടെ 2014ല്‍ ആരതി മുംബൈയിലുള്ള തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയ ആരതി വിവാഹമോചനത്തിന് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ തഞ്ചത്തില്‍ കൂടി അരുണ്‍ എത്തി. ഇതോടെ ആരതി വിവാഹമോചനത്തില്‍ നിന്ന് തല്‍കാലം പിന്‍വാങ്ങുകയായിരുന്നു.

കഴിഞ്ഞ മെയ് മാസത്തില്‍ ആരതിയും അരുണും കുട്ടികളോടൊപ്പം ഊട്ടിയില്‍ പോയിരുന്നു. ഇവിടെ വെച്ച് അരുണ്‍ വീണ്ടും ആരതിയെയും കുട്ടികളെയും ഉപദ്രവിക്കാന്‍ തുടങ്ങി. ഇതോടെ ആരതി ഊട്ടി സ്റ്റേഷനില്‍ പരാതിപ്പെട്ടു. പോലീസുകാരുടെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്കൊടുവില്‍ അരുണ്‍ മാപ്പപേക്ഷ എഴുതി നല്‍കി. എന്നാല്‍ തിരികെ കോയമ്പത്തൂരില്‍ എത്തിയതോടെ വീണ്ടും ഉപദ്രവം തുടര്‍ന്നു. ഇതിനിടയിലാണ് കാറില്‍ നിന്ന് ബലമായി ആരതിയെ തള്ളിയിട്ടത്.

കാറില്‍ നിന്നും വീണതിനെ തുടര്‍ന്ന് ആരതിയുടെ തലയിലും കൈകാലുകളിലും പരിക്കേറ്റിരുന്നു. തന്റെ കുട്ടികളെയും അരുണ്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് ആരതി തുറന്നടിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അരുണിനും മാതാപിതാക്കള്‍ക്കും എതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഇതോടെ ഇവര്‍ ഒളിവില്‍ പോയെന്നാണ് വിവരം.

Exit mobile version