ചരിത്ര നിമിഷം! വീണ്ടും മുഖ്യമന്ത്രിയായി പിണറായി വിജയന്‍; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാഷ്ട്രീയ കേരളം ആ ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിച്ചു. ചരിത്ര ഭൂരിപക്ഷം നേടി പിണറായി വിജയന്റെ അജയ്യനേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍. യുഡിഎഫിനെ തകര്‍ത്തെറിഞ്ഞ്, ബിജെപിയെ നിലംപരിശാക്കി പുതു ചരിത്രമെഴുതി ക്യാപ്റ്റനും ടീമും അടുത്ത അഞ്ചു വര്‍ഷംകൂടി കേരളം ഭരിക്കും.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രത്യേകം തയാറാക്കിയ വേദിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി വിജയന് സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവത്തിലാണ് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തത്.

മുന്‍ഗണനാക്രമത്തില്‍ മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുകയാണ്. കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.

കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എകെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി. അബ്ദുറഹിമാന്‍, ജി.ആര്‍. അനില്‍, കെ.എന്‍. ബാലഗോപാല്‍, ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി, എം.വി. ഗോവിന്ദന്‍, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, വി.എന്‍. വാസവന്‍, വീണാ ജോര്‍ജ് എന്നീ ക്രമത്തിലാണ് സത്യപ്രതിജ്ഞ.

തുടര്‍ന്ന് രാജ്ഭവനിലെ ചായസല്‍ക്കാരം കഴിഞ്ഞാകും സെക്രട്ടേറിയറ്റില്‍ മന്ത്രിസഭാ യോഗം. 5.30 ഓടെ ആദ്യ മന്ത്രിസഭാ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരും.

വേദിയില്‍ 140 അടി നീളത്തില്‍ സ്ഥാപിച്ച എല്‍ഇഡി സ്‌ക്രീനില്‍ ചടങ്ങിനു മുന്‍പ് 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലി സംഗീതാവിഷ്‌കാരം പ്രദര്‍ശിപ്പിച്ചു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രമായിരുന്നു ചടങ്ങിലേക്കു പ്രവേശനം.

Exit mobile version