‘വിശ്വസിച്ച് കൂടെനില്‍ക്കാം ലീഗിന്റെ നേതാക്കന്‍മാരെപ്പോലെയല്ല’! ആ വാക്കുകള്‍ 101 ശതമാനം ശരിയായി; പിണറായിയെ കുറിച്ച് കെടി ജലീല്‍

മലപ്പുറം: രണ്ടാം പിണറായി സര്‍ക്കാറിന് ആശംസകള്‍ നേര്‍ന്ന് മുന്‍ മന്ത്രി കെടി ജലീല്‍ എംഎല്‍എ. ലീഗ് വിട്ട് സിപിഎമ്മിലേക്കെത്തിയതിന് പ്രധാന കാരണമായ ക്യാപ്റ്റന്‍ പിണറായി വിജയനെ കുറിച്ചും ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ജലീല്‍.

രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കുകയാണ്. ഒന്നാം പിണറായി മന്ത്രിസഭയിലെ അംഗം എന്ന നിലയില്‍ ഒരുപാട് നല്ല ഓര്‍മ്മകളാണ് മനസ്സില്‍ തെളിയുന്നത്. ഞാനാദ്യമായി പിണറായിയെ പരിചയപ്പെടുന്നത് 2005 ല്‍ ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ടതിന്റെ തൊട്ടുപിന്നാലെ തലശ്ശേരിയില്‍ വെച്ചാണ്. മുസ്ലിംലീഗില്‍ നേരത്തെ എന്റെ സഹപ്രവര്‍ത്തകനും കണ്ണൂരിലെ അറിയപ്പെടുന്ന ലീഗ് നേതാവുമായിരുന്ന പിലാക്കണ്ടി മുഹമ്മദലിയുടെ വീട്ടില്‍ നടന്ന ഒരു വിവാഹ സല്‍ക്കാരവേളയിലായിരുന്നു ആ കൂടിക്കാഴ്ച.

പിണറായി വിജയനെന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ അനിതരസാധാരണമായ വ്യക്തി പ്രഭാവത്തില്‍ ആകൃഷ്ടനായാണ് ലീഗിനോട് വിടചൊല്ലി പിലാക്കണ്ടി സി.പി.എം സഹയാത്രികനായത്. തലശ്ശേരിയുടെ രുചിക്കൂട്ട് മുഴുവന്‍ സമ്മേളിച്ച തീന്‍മേശക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിച്ചായിരുന്നു സൗഹൃദത്തിന്റെ തുടക്കം. പിലാക്കണ്ടിയുടെ സാന്നിദ്ധ്യത്തില്‍ ഹ്രസ്വമായ രാഷ്ട്രീയ ചര്‍ച്ചക്ക് ശേഷം പിണറായി ഞങ്ങളോട് യാത്ര പറഞ്ഞിറങ്ങി. അദ്ദേഹം കാറില്‍ കയറി പോകവെ പിലാക്കണ്ടി ചുറ്റുമുള്ളവരോടായി പറഞ്ഞു; ‘വിശ്വസിച്ച് കൂടെനില്‍ക്കാം. നമ്മുടെ (ലീഗിന്റെ) നേതാക്കന്‍മാരെപ്പോലെയല്ല’. ആ വാക്കുകള്‍ 101% ശരിയാണെന്ന് ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു പിന്നീടുള്ള എന്റെ അനുഭവങ്ങള്‍.

MLA യായിരിക്കെ AKG സെന്റെറില്‍ ചെന്ന് പല തവണ പിണറായിയെ കണ്ടിട്ടുണ്ട്. അന്നദ്ദേഹം പാര്‍ട്ടി സെക്രട്ടറിയാണ്. പറയുന്ന കാര്യങ്ങള്‍ സശ്രദ്ധം കേട്ടുള്ള അദ്ദേഹത്തിന്റെ പ്രതികരണം ഏവരിലും മതിപ്പുളവാക്കും. പൊതു പ്രശ്‌നങ്ങളും മുസ്ലിം ജനവിഭാഗവുമായി ബന്ധപ്പെടുന്ന പ്രത്യേക വിഷയങ്ങളുമായിരുന്നു അദ്ദേഹവുമായി സംസാരിച്ചത്. ഏതാണ്ടെല്ലാ കാര്യങ്ങളിലും അനുകൂല തീരുമാനമാണ് കൈകൊണ്ടതെന്ന് അഭിമാനത്തോടെ പറയാനാകും. പിണറായിയുമായുള്ള ഇടപഴകലില്‍ അന്യതാബോധം ഒരു ഘട്ടത്തിലും തോന്നിയിട്ടില്ല. അദ്ദേഹം നേതൃത്വം നല്‍കിയ പാര്‍ട്ടി ജാഥകളില്‍ രണ്ടുപ്രാവശ്യം ഞാന്‍ അംഗമായിരുന്നു.

ക്യാപ്റ്റനെന്ന നിലയില്‍ ജാഥാ മെമ്പര്‍മാരുടെ കാര്യങ്ങളില്‍ അദ്ദേഹം കാണിച്ച അതീവ താല്‍പര്യം എടുത്തുപറയത്തക്കതാണ്. ലീഗിലായിരുന്നപ്പോള്‍ കൊരമ്പയില്‍ അഹമ്മദാജിയില്‍ നിന്ന് കിട്ടിയ സ്‌നേഹവും വാല്‍സല്യവും പിന്നീട് ആവോളം ലഭിച്ചത് പിണറായിയില്‍ നിന്നാണ്. മാധ്യമ പ്രചാരണങ്ങളുടെ മായാവിലാസത്തിലല്ല ന്യായാന്യായങ്ങളുടെ സൂക്ഷ്മ ദര്‍ശിനിയിലൂടെയാണ് അദ്ദേഹം ഭരണപരമായ തീരുമാനങ്ങളെ നോക്കിക്കണ്ടത്.

നമ്മള്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ തലപോയാലും പിണറായി നമ്മെ കൈവിടില്ല. എന്റെ ഒരു റാത്തല്‍ ഇറച്ചിക്കായി സര്‍വ്വ മാധ്യമങ്ങളും ലീഗുള്‍പ്പടെയുള്ള വലതുപക്ഷ പാര്‍ട്ടികളും അരയും തലയും മുറുക്കി കൊമ്പുകുലുക്കി ആര്‍ത്തലച്ച് തിമര്‍ത്താടിയിട്ടും അതിനൊന്നും പുല്ലുവില കല്‍പ്പിക്കാതെ സംരക്ഷിച്ചത് സ്വാര്‍ത്ഥ താല്‍പര്യത്തോടെ സാമ്പത്തിക നേട്ടം പ്രതീക്ഷിച്ച് ഒരു കാര്യവും ഞാന്‍ ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന് ഉത്തമ വിശ്വാസമുള്ളത് കൊണ്ടാണ്. ഭരണ നിര്‍വ്വഹണത്തിലെ തന്റെ സഹപ്രവര്‍ത്തകരുടെ ഉദ്ദേശശുദ്ധി കാണാനുള്ള വിവേകവും സന്‍മനസ്സുമുള്ള ഭരണത്തലവന്‍ എന്ന നിലയിലാകും കാലം പിണറായി വിജയനെ അടയാളപ്പെടുത്തുക.

മുസ്ലിം ന്യൂനപക്ഷങ്ങളുമായി പിണറായിക്കുള്ള അടുപ്പവും കരുതലും ബന്ധപ്പെട്ട ജനവിഭാഗത്തിന് സി.പി.എമ്മിനോട് ചേര്‍ന്ന് നില്‍ക്കാന്‍ പ്രചോദനമായിട്ടുണ്ട്. മുസ്ലിം – ക്രൈസ്തവ സമുദായങ്ങളിലെ എല്ലാ അവാന്തര ഗ്രൂപ്പുകളുമായും സമസാമീപ്യമാണ് അദ്ദേഹം ആഗ്രഹിച്ചത്. ഒരിക്കലും അവര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളില്‍ ഏതെങ്കിലും വിധത്തില്‍ പിണറായി കക്ഷി ചേര്‍ന്നില്ല. അര്‍ഹതപ്പെട്ടത് അര്‍ഹരായവര്‍ക്ക് നല്‍കാന്‍ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. സമുദായ നേതാക്കളോട് കപടമായ ബഹുമാനമല്ല ആത്മാര്‍ത്ഥമായ സ്‌നേഹമാണ് അദ്ദേഹം പുലര്‍ത്തിയത്.

ഒന്നാം പിണറായി സര്‍ക്കാരിലെ എന്റെ സഹപ്രവര്‍ത്തകരായ മന്ത്രിമാരെക്കുറിച്ചും ഒരുപാടൊരുപാട് പറയാനുണ്ട്. വിസ്താര ഭയത്താല്‍ അതിന് മുതിരുന്നില്ല. എല്ലാവരിലുമുള്ള നന്‍മയെ പരസ്പരം കാണാന്‍ ശ്രമിക്കുകയും വിയോജിപ്പുകള്‍ സ്‌നേഹത്തോടെ ഉണര്‍ത്തുകയും വലിപ്പചെറുപ്പം പരിഗണിക്കാതെ അന്യോന്യം ആദരിക്കുകയും ചെയ്ത നല്ല ഒരു സംഘമായിരുന്നു പിണറായിയുടെ ഒന്നാം ടീം. ഇടതുപക്ഷ രാഷ്ട്രീയത്തിലെ കന്നിക്കാരനായ എന്നോട് ബഹുമാന്യരായ സഹപ്രവര്‍ത്തകര്‍ കാണിച്ച കലര്‍പ്പില്ലാത്ത വാല്‍സല്യത്തിന് എന്നെന്നും ഞാന്‍ കടപ്പെട്ടവനായിരിക്കും. എല്ലാവരോടുമുള്ള സ്‌നേഹവും നന്ദിയും അവസാന ശ്വാസം വരെയും അണയാതെ സൂക്ഷിക്കും.

രാഷ്ട്രീയ പാരമ്പര്യമോ എടുത്തുപറയത്തക്ക സാമ്പത്തിക ശേഷിയോ ഇല്ലാത്ത ഒരു സാധാരണ കുടുംബത്തില്‍ നിന്ന് വന്ന് പൊതു പ്രവര്‍ത്തന രംഗത്ത് സജീവായ എന്നെ സംബന്ധിച്ചേടത്തോളം സ്വപ്നം കാണാന്‍ കഴിയാത്ത നേട്ടങ്ങളാണ് സി.പി.എമ്മിന്റെ പൂര്‍ണ്ണ പിന്തുണയില്‍ ലഭിച്ചത്. എന്റെ മുപ്പത്തിഒമ്പതാം വയസ്സില്‍ ഒരു ഇടതു പുല്‍ച്ചെടി പോലും കിളിര്‍ക്കുമെന്ന് സ്വപ്നം കാണാന്‍ കഴിയാത്ത കരിമ്പാറപ്പുറമായ കുറ്റിപ്പുറത്തു നിന്ന് 2006 ല്‍ ലീഗിന്റെ മുടിചൂടാമന്നനെ മുട്ടുകുത്തിച്ച് MLA. 2011 ല്‍ തവനൂരില്‍ നിന്ന് ജയിച്ച് രണ്ടാമതും അസംബ്ലിയില്‍.

2016 ല്‍ തവനൂരില്‍ നിന്നു തന്നെ മൂന്നാമൂഴവും കടന്ന് വന്നപ്പോള്‍ നാല്‍പ്പത്തി ഒമ്പതാം വയസ്സില്‍ അപ്രതീക്ഷിതമായ മന്ത്രിലബ്ധി. 2021 ല്‍ എല്ലാ ചണ്ടിപണ്ടാരങ്ങളും തലകുത്തി മറിഞ്ഞിട്ടും വേഷപ്രഛന്നനായ മുസ്ലിംലീഗു സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് നാലാം തവണയും കേരള നിയമസഭാംഗം. പച്ചയല്ലാതെ സ്ഥായിയായി ഒന്നും പച്ചപിടിക്കില്ലെന്ന് അറവന മുട്ടി ‘കലീവമാര്‍” പാടിനടന്ന മണ്ണില്‍ നിന്നാണ് ഇവയെല്ലാം സാദ്ധ്യമായത്. ആത്മ നിര്‍വൃതിക്ക് ഇതിലപ്പുറം മറ്റെന്തുവേണം?

സഖാവ് ഇമ്പിച്ചിബാവയില്‍ തുടങ്ങി സഖാവ് കുഞ്ഞാലിയിലൂടെ കടന്ന് പാലോളിയെന്ന രാഷ്ട്രീയ സൂഫിയില്‍ പൂര്‍ണ്ണത പ്രാപിച്ച ഇടതുപക്ഷ മതേതര വെളിച്ചം ഈ വിനീതനിലൂടെ പ്രവഹിച്ച് പി.വി. അന്‍വറിനെയും പിന്നിട്ട് ലീഗിന്റെ തട്ടകമെന്ന് കരുതപ്പെട്ടിരുന്ന താനൂരില്‍ നിന്ന് രണ്ടാമതും വിജയക്കൊടി പാറിച്ച അബ്ദുറഹിമാനില്‍ എത്തി നില്‍ക്കുകയാണ്. മതനിരപേക്ഷതയുടെ ആ പ്രകാശ പ്രസരണം സാദ്ധ്യമാക്കാന്‍ വാരിയം കുന്നത്തിന്റെയും ആലി മുസല്യാരുടെയും എം.പി. നാരായണ മേനോന്റെയും കമ്പളത്ത് ഗോവിന്ദന്‍ നായരുടെയും ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാടിന്റെയും ഇ.എം.എസിന്റെയും പാദസ്പര്‍ശമേറ്റ മണ്ണില്‍ പുതു തലമുറയുടെ ചോരതുടിക്കുന്ന കൈകള്‍ സന്നദ്ധമായി നില്‍പ്പുണ്ട്.

സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള തുടര്‍ ഭരണത്തിന്റെ കേളികൊട്ട് ഇന്നുയരുകയാണ്. പ്രതിസന്ധികളും വെല്ലുവിളികളും ഏറെയുള്ള ഒരു ചരിത്ര ഘട്ടത്തിലാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ രണ്ടാം വരവ്. ഓരോ ജനതക്കും പ്രതിസന്ധികള്‍ ഭേദിച്ച് മുന്നോട്ട് നടക്കാന്‍ കാലം ഒരു നായകനെ കരുതിവെക്കുക സ്വാഭാവികം. ആ പ്രകൃതി നിയമം യാഥാര്‍ത്ഥ്യമാകുന്ന ഈ സുദിനത്തില്‍ പിണറായി വിജയനും അദ്ദേഹത്തിന്റെ ടീമിനും എല്ലാ വിജയങ്ങളും ആശംസിക്കുന്നു.

Exit mobile version