ജാഗ്രത തുടരണം! നിയന്ത്രണങ്ങള്‍ക്ക് അയവ് വരുത്താന്‍ സമയമായിട്ടില്ല; ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഫലപ്രദമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഫലം കണ്ട് തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് അയവ് വരുത്താന്‍ സമയമായിട്ടില്ലെന്നും ജാഗ്രത തുടരുക തന്നെ വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞെന്നും ഇപ്പോള്‍ പുലര്‍ത്തുന്ന ജാഗ്രത ഇതുപോലെ തുടരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എറണാകുളം, മലപ്പുറം, തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഫലപ്രദമെന്ന് മുഖ്യമന്ത്രി. അവശ്യ സര്‍വീസുകള്‍ മാത്രമാണ് ഈ ജില്ലകളില്‍ അനുമതി. പോലീസ് നിയന്ത്രണത്തോട് ജനം സഹകരിക്കുന്നു.

തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടി.പി.ആര്‍ 26.03 ശതമാനമാണ്. എറണാകുളത്ത് ഇത് 23.02 ശതമാനം, തൃശൂരില്‍ 26.04 ശതമാനം, മലപ്പുറത്ത് 33.03 ശതമാനമാനം എന്നിങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ശരാശരി കഴിഞ്ഞ മൂന്ന് ദിവസമായി 24.5 ശതമാനമാണ്. ഇന്ന് ഇത് 23.29 ആയിട്ടുണ്ട്. സ്ഥിരീകരിച്ച കേസുകളുടെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെയും ആഴ്ച വെച്ച് നോക്കുമ്പോള്‍ രോഗവ്യാപനം ഗണ്യമായി കുറഞ്ഞ് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നിയന്ത്രണം നടപ്പാക്കുന്നതിന് 40000 പോലീസുകാരെ നിയോഗിച്ചു. പരിശീലനത്തിലുള്ള മൂവായിരത്തോളം പോലീസുകാര്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ വളണ്ടിയര്‍മാരാണ്. ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ വീടിന് പുറത്തിറങ്ങുന്നില്ലെന്ന് പോലീസ് ഉറപ്പാക്കുന്നുണ്ട്. ഇതിനായി 3000 മൊബൈല്‍ പട്രോള്‍ സംഘങ്ങളെ നിയോഗിച്ചു.

Exit mobile version