രണ്ടാം പിണറായി സര്‍ക്കാര്‍: ഏറ്റവും പ്രായം കൂടിയ മന്ത്രി കെ കൃഷ്ണന്‍കുട്ടി, പ്രായം കുറഞ്ഞ മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാര്‍ മേയ് 20-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയാണ്. മന്ത്രിസഭയില്‍ ഏറ്റവും പ്രായം കൂടിയയാള്‍ കെ കൃഷ്ണന്‍കുട്ടിയും ഏറ്റവും പ്രായം കുറഞ്ഞ അംഗം പിഎ മുഹമ്മദ് റിയാസുമാണ്.

മുഖ്യമന്ത്രി കഴിഞ്ഞാലുള്ള ഏറ്റവും പ്രായം കൂടിയ അംഗം ജെഡിഎസ്സിന്റെ കെ കൃഷ്ണന്‍കുട്ടിയാണ്. 76-വയസ്സാണ് അദ്ദേഹത്തിന്റെ പ്രായം. പാലക്കാട് ചിറ്റൂരില്‍നിന്നുള്ള എംഎല്‍എ ആണ് കൃഷ്ണന്‍കുട്ടി. ഒന്നാം പിണറായി സര്‍ക്കാരിലെ ജലവിഭവ വകുപ്പിന്റെ ചുമതല വഹിച്ചിരുന്നു. കഴിഞ്ഞ മന്ത്രിസഭയുടെ കാലാവധി ഏകദേശം പകുതിയായപ്പോഴാണ് അംഗമായത്.

യുഡിഎഫിന്റെ അഡ്വ. സുമേഷ് അച്യുതനും എന്‍ഡിഎയുടെ വി നടേശനുമായിരുന്നു കൃഷ്ണന്‍കുട്ടിയുടെ എതിരാളികള്‍. 33,878 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്.

ബേപ്പൂര്‍ എംഎല്‍എ മുഹമ്മദ് റിയാസാണ് പിണറായി 2.0-യിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി. ഡിവൈഎഫ്‌ഐ. അഖിലേന്ത്യ നേതാവ് കൂടിയായ റിയാസിന്റെ പ്രായം 44 വയസ്സാണ്.

യുഡിഎഫിലെ പിഎം നിയാസും എന്‍ഡിഎയുടെ കെപി പ്രകാശ്ബാബുവുമായിരുന്നു റിയാസിന്റെ എതിരാളികള്‍. 28,747 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റിയാസിന്റെ വിജയം.

Exit mobile version