ഭരണകൂടം തീവ്രവാദ പ്രസ്ഥാനത്തെ എതിർത്തു പറയാൻ മടിക്കുന്നത് അപകടം; സൗമ്യ സന്തോഷിന്റെ മൃതദേഹത്തോട് സർക്കാർ കാണിച്ചത് അനാദരവെന്ന് പിസി ജോർജ്

കീരിത്തോട്: ഇസ്രായേലിൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം സ്വീകരിക്കാൻ സർക്കാർ എത്താത്തത് അനാദരവെന്ന് മുൻ എംഎൽഎ പിസി ജോർജ്. സൗമ്യയുടെ മൃതദേഹം സ്വീകരിക്കാനുള്ള മര്യാദയെങ്കിലും സർക്കാരിന് കാണിക്കാമായിരുന്നെന്ന് സൗമ്യയുടെ വീട്ടിലെത്തിയ പിസി ജോർജ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

‘കേരളം ഇന്ന് പട്ടിണി കൂടാതെ കഴിയുന്നത് പ്രവാസികൾ ഉണ്ടാക്കുന്ന പണം കൊണ്ടാണ്. അല്ലാതെ പിണറായിയുടെ കിറ്റു കൊണ്ടല്ല. ഞാനിത് പറയാൻ കാരണം ഇത്രയും ഭീകരമായ ഒരു കൊലപാതകം ഉണ്ടായിട്ടും ആ സഹോദരിയുടെ മൃതദേഹം മാന്യമായി സ്വീകരിക്കാനുള്ള മര്യാദ പോലും സർക്കാർ കാണിച്ചില്ല. ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ വലിയ ദുഖമുണ്ട്. ഇത്ര വലിയ ജനവികാരം ഉള്ളപ്പോൾ ജില്ലാ കലക്ടർ വന്ന് റീത്ത് വെച്ചത് കൊണ്ടൊന്നും ആയില്ല, തീവ്രവാദ പ്രസ്ഥാനത്തെ പോലും എതിർത്തു പറയാൻ മടിക്കുന്ന തലത്തിൽ ഭരണാധികാരിയുടെ മാനസിക നില മാറുന്നെങ്കിൽ അത് വലിയ അപകടമാണ്’- പിസി ജോർജ് പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇടുക്കി കീരിത്തോട് നിത്യസഹായ മാതാ പള്ളിയിലായിരുന്നു സൗമ്യ സന്തോഷിന്റെ മൃതദേഹം അടക്കം ചെയ്തത്. ഇന്നലെ രാത്രി 11.30 നാണ് സൗമ്യയുടെ മൃതദേഹം വീട്ടിൽ എത്തിച്ചത്. സൗമ്യയെ മാലാഖ ആയാണ് ഇസ്രായേൽ ജനത കാണുന്നതെന്ന് ഇസ്രായേൽ കോൺസുൽ ജനറൽ പറഞ്ഞു. സൗമ്യയുടെ വീട് സന്ദർശിച്ച കോൺസൽ ജനറൽ സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേൽ സർക്കാർ ഉണ്ടെന്ന് വ്യക്തമാക്കി. സൗമ്യയുടെ മകൻ അഡോണിന് ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജും കൈമാറി.

ചൊവ്വാഴ്ച്ചയാണ് ഇസ്രായേൽ പാലസ്തീൻ സംഘർഷത്തെ തുടർന്നുണ്ടായ മിസൈൽ ആക്രമണത്തിൽ ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് ആണ് കൊല്ലപ്പെട്ടത്. സൗമ്യ കെയർ ടെക്കറായി ജോലി ചെയ്യുന്ന വീടിന് മുകളിലേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെമ്പർമാരായ സതീശന്റയും സാവിത്രിയുടെയും മകളാണ് സൗമ്യ.

Exit mobile version