‘അഞ്ചുദിവസമായി പല്ലു തേച്ചിട്ട്; വെള്ളം പോലും കിട്ടിയില്ല’; ചികിത്സ കിട്ടിയില്ലെന്ന് പരാതിപ്പെട്ട കോവിഡ് ബാധിച്ച വൃക്കരോഗി തൃശ്ശൂർ മെഡിക്കൽ കോളേജിൽ മരിച്ചു; ദാരുണം

nakulan

തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെ അവഗണിക്കുകയാണെന്നും മതിയായ ചികിത്സ ലഭിച്ചില്ലെന്നും പരാതിപ്പെട്ടതിന് തൊട്ടടുത്ത ദിവസം കോവിഡ് രോഗിക്ക് ദാരുണമരണം. തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി നകുലനാണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സംഭവം. വൃക്കരോഗിയായ നകുലൻ ചികിത്സയ്‌ക്കെത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്.

തുടർന്ന് കോവിഡ് വാർഡിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിൽ നിന്ന് മതിയായ ചികിത്സ കിട്ടിയിരുന്നില്ലെന്നാണ് സൂചന. നകുലൻ ഇക്കാര്യം വിശദീകരിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു. സംഭവം വിവാദമായതോടെ ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടു.

നകുലൻ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം വലിയ ചർച്ചയാവുകയാണ്. ആറ് ദിവസം മുമ്പാണ് വാടാനപ്പളളി സ്വദേശി നകുലൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നത്. കോവിഡ് പരിശോധന നടത്തിയപ്പോൾ പോസിറ്റീവായി. തുടർന്ന് ആശുപത്രിയിൽ നേരിട്ട അവഗണനക്കെതിരെ നകുലൻ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ വീഡിയോ സന്ദേശമിട്ടു.

കൊവിഡ് വാർഡിലേക്ക് മാറ്റിയെങ്കിലും ഡയാലിസിസോ മറ്റ് പരിചരണമോ നൽകിയില്ല. താൻ പല്ലു പോലും തേച്ചിട്ട് അഞ്ചു ദിവസമായെന്നും ആരും തിരിഞ്ഞ് നോക്കുന്നില്ലെന്നും നകുലൻ വീഡിയോയിൽ പരാതിപ്പെടുന്നു. വെളളം പോലും കിട്ടിയില്ലെന്നും പരാതിയുണ്ട്. അവഗണന തുടർന്നപ്പോഴാണ് ചൊവ്വാഴ്ച വീണ്ടും കോവിഡ് വാർഡിൽ നിന്ന് തന്നെ തന്റെ അവസ്ഥ മൊബൈലിൽ നകുലൻ ചിത്രീകരിച്ചത്. പക്ഷെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുമ്പ് തന്നെ നകുലൻ മരിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്. ആരോഗ്യവകുപ്പിന് ഉടൻ പരാതി നൽകുമെന്ന് നകുലന്റെ ബന്ധുക്കൾ അറിയിച്ചു.

എന്നാൽ, യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് മെഡി. കോളേജ് ആശുപത്രി അധികൃതരുടെ വിശദീകരണം. രോഗിക്ക് ബെഡ് അനുവദിക്കുന്നതിലെ സാങ്കേതിക പ്രശ്‌നം മാത്രമാണ് ഉണ്ടായത്. നകുലന് ബെഡ് അനുവദിച്ചെങ്കിലും അത്യാസന്ന നിലയിലെത്തിയ മറ്റൊരു രോഗിക്ക് വേണ്ടി ആ ബെഡിൽ നിന്ന് കുറച്ചുനേരത്തേക്ക് ഒഴിവാക്കി. ആരോഗ്യ നില വഷളായതിനെതുടർന്ന് നകുലനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് നകുലനെ മാറ്റിയിരുന്നെന്നും മെഡി. കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനെ വിശദീകരണം കിട്ടിയ ശേഷം തുടർ നടപടിയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Exit mobile version