‘പുറത്താണെന്ന് പറഞ്ഞാല്‍ ആരുടെയെങ്കിലും കൂടെയാണ് എന്നല്ല’: മകളെ കാണാന്‍ ബാലയെ അനുവദിക്കില്ലെന്ന് പറഞ്ഞിട്ടില്ല; വ്യാജ വാര്‍ത്തയ്‌ക്കെതിരെ നടപടി

കൊച്ചി: നടന്‍ ബാല തനിക്കും കുടുംബത്തിനും എതിരായി ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് ഗായിക അമൃത സുരേഷ്. മകള്‍ അവന്തികയെ അച്ഛന്‍ ബാലയ്ക്ക് കാണാന്‍ അവസരം നല്‍കുന്നില്ലെന്നും കുഞ്ഞിന് കോവിഡ് ആണെന്നുമുള്ള വാര്‍ത്തയ്ക്കെതിരെ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ അമൃത സുരേഷ് വ്യക്തമാക്കുന്നു.

കോവിഡ് ബാധിതയായത് താനാണെന്നും, മകള്‍ക്ക് കോവിഡ് ബാധിച്ചിട്ടില്ലെന്നും, കേവലം എട്ടു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെക്കുറിച്ച് ഇത്തരമൊരു പ്രചരണം നടത്തിയത് അമ്മയായ തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും അമൃത പറയുന്നു. തന്റെ സമൂഹമാധ്യമ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് തെളിവുകള്‍ സഹിതം അമൃത ബാലയുടെ ആരോപണങ്ങളെ തള്ളുന്നത്.

അതേസമയം, വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച ഇന്ത്യാഗ്ലിറ്റ്‌സ് ഓണ്‍ലൈനിനിതിരെ നിയമനടപടിയെടുക്കുമെന്നും അമൃത പറയുന്നു. ഫോണ്‍ കോളിന്റെ ഒരു ഭാഗം മാത്രം കേള്‍പ്പിക്കാതെ മുഴുവന്‍ സത്യാവസ്ഥയും വെളിപ്പെടുത്തണമെന്നും ആരോഗ്യത്തോടെയിരിക്കുന്ന തന്റെ മകള്‍ക്ക് കോവിഡ് ആണെന്നു വാര്‍ത്ത കൊടുത്ത തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അമൃത അറിയിച്ചു.

താനും ബാലയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണം എങ്ങനെയാണ് ലീക്ക് ചെയ്ത് മാധ്യമത്തിന് ലഭിച്ചതെന്ന് അമൃത ചോദിക്കുന്നു. മകളോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ബാല വിളിക്കുമ്പോള്‍ താന്‍ കോവിഡ് ടെസ്റ്റ് റിസള്‍ട്ട് വാങ്ങുന്നതിനായി പുറത്തായിരുന്നെന്നും മകള്‍ തന്റെ അമ്മയുടെ അടുത്തായിരുന്നെന്നും അമൃത പറയുന്നു. പുറത്താണ് എന്നാല്‍ അരുടെയെങ്കിലും കൂടെയാണ് എന്നല്ല അര്‍ഥമെന്നും വീട്ടിലെത്തിയ ശേഷം പല തവണ ബാലയ്ക്ക് മെസേജും വോയ്‌സ് നോട്ടും അയച്ചെങ്കിലും പ്രതികരിച്ചില്ലെന്നും അമൃത ചൂണ്ടിക്കാണിക്കുന്നു.

കോവിഡ് ഫലം വാങ്ങാന്‍ നില്‍ക്കുന്ന സമയത്താണ് ബാലയുടെ ഫോണ്‍ കോള്‍ വന്നത്. മകളെ കാണണം എന്നായിരുന്നു ബാലയുടെ ആവശ്യം. അപ്പോള്‍ താന്‍ പുറത്തായിരുന്നതിനാല്‍ വീട്ടില്‍ തന്റെ അമ്മയെ വിളിച്ചാല്‍ അറിയാമെന്നാണ് പറഞ്ഞതെന്നും അമൃത പറയുന്നു. ഈ സംഭാഷണത്തിന്റെ ഒരു ഭാഗം മാത്രമായാണ് ഓണ്‍ലൈന്‍ മാധ്യമം പുറത്തുവിട്ടത് എന്ന് അമൃത ആരോപിക്കുന്നു.

ശേഷം തന്റെ ഫോണില്‍ നിന്നും തന്റെ അമ്മയുടെ ഫോണില്‍ നിന്നും ബാലയെ പലപ്രാവശ്യം വിളിച്ചു. പ്രതികരണം ലഭിക്കാത്തതിനാല്‍, ബാലയ്ക്ക് ഒരു ടെക്സ്റ്റ്‌സന്ദേശവും ഓഡിയോ സന്ദേശവും അയച്ചു എന്നും അമൃത പറയുന്നു.

ബാല വിളിച്ച സമയത്ത് അമ്മ ആ ഫോണ്‍ കോള്‍ ശ്രദ്ധിച്ചിരുന്നില്ല. മകള്‍ ഓണ്‍ലൈന്‍ ക്ളാസ്സിലായിരുന്നു. അമ്മയുടെ ഫോണിലേക്ക് ബാലയുടെ ഫോണ്‍ കോള്‍ വന്നതായി മനസ്സിലാക്കിയതും മകള്‍ ഓണ്‍ലൈന്‍ ക്ലാസ് കട്ട് ചെയ്ത് സംസാരിക്കാനായി കാത്തിരുന്നു എന്ന് അമൃത പുറത്തുവിട്ട ഓഡിയോ സന്ദേശത്തില്‍ പറയുന്നു. ഒരു മണിക്കൂറോളം മകള്‍ കാത്തിരുന്നു. എന്നിട്ടും മറുഭാഗത്തുനിന്നും പ്രതികരണമില്ലായിരുന്നു. വിളിക്കാന്‍ സൗകര്യമുള്ള സമയം അറിയിച്ചാല്‍ വെയിറ്റ് ചെയ്തിരിക്കാം എന്നും അവര്‍ പറഞ്ഞു.

എങ്ങനെയാണ് താനും മുന്‍ ഭര്‍ത്താവും തമ്മിലെ ഫോണ്‍ കോള്‍ ലീക് ചെയ്തത് എന്ന് പറയണം എന്നും കൂടി അമൃത ആവശ്യപ്പെടുന്നു ഒരു സ്ത്രീ പുറത്തുപോയാല്‍ അവര്‍ ആരുടെയെങ്കിലും കൂടെ പോയി എന്ന തരത്തിലെ വ്യാഖ്യാനങ്ങളെയും അമൃത കടുത്ത ഭാഷയില്‍ ചോദ്യം ചെയ്യുന്നുണ്ട്.

Exit mobile version