കോവിഡ് രോഗിയുടെ മൃതദേഹം പള്ളിയിലെത്തിച്ച് കുളിപ്പിക്കാന്‍ ശ്രമം: ആംബുലന്‍സും മൃതദേഹവും അധികൃതര്‍ പിടിച്ചെടുത്തു; ബന്ധുക്കള്‍ക്കും പള്ളി അധികൃതര്‍ക്കെതിരെയും നടപടി

തൃശ്ശൂര്‍: തൃശ്ശൂരില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് കോവിഡ് രോഗിയുടെ മൃതദേഹത്തില്‍ മത ചടങ്ങുകള്‍ നടത്താന്‍ ശ്രമം. ജില്ലാ കലക്ടര്‍ എത്തി ആംബുലന്‍സും മൃതദേഹവും പിടിച്ചെടുത്തു. സംസ്‌കാര ചടങ്ങുകള്‍ ആരോഗ്യപ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലാക്കി മാറ്റി.

തൃശ്ശൂരിലെ എംഐസി ജുമാ മസ്ജിദിലാണ് കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതശരീരം കുളിപ്പിക്കാന്‍ കൊണ്ടു വന്നത്. വരവൂര്‍ സ്വദേശി ഖദീജയുടെതാണ് മൃതദേഹം. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മൃതദേഹം നേരേ പള്ളിയിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നാണ് വിവരം.

നേരത്തെയും ഇത്തരം സംഭവങ്ങള്‍ നടന്നതായി പരാതിയുയര്‍ന്നതിനാല്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. ഖദീജയുടെ മൃതദേഹം ആരോഗ്യവകുപ്പ് അധികൃതരുടേയും പോലീസിന്റെയും സാന്നിദ്ധ്യത്തില്‍ പ്രോട്ടോക്കോള്‍ പാലിച്ച് സംസ്‌കരിക്കും.

പ്രോട്ടോക്കോള്‍ ലംഘിച്ചതിന് പള്ളി അധികൃതര്‍ക്കെതിരെയും ബന്ധുക്കള്‍ക്കെതിരെയും കേസെടുക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാകളക്ടര്‍ എസ് ഷാനവാസും അറിയിച്ചു.

Exit mobile version