ബൈക്ക് വേണ്ട ആംബുലന്‍സ് മതി: ആലപ്പുഴയിലെ എല്ലാ കോവിഡ് സെന്ററിലും ആംബുലന്‍സ് അനുവദിച്ചു

ആലപ്പുഴ: ഗുരുതരാവസ്ഥയിലായ കോവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആലപ്പുഴ പുന്നപ്രയിലെ കോവിഡ് സെന്ററില്‍ ആംബുലന്‍സ് അനുവദിക്കും.

ഇരുപത്തിനാല് മണിക്കൂറും സേവനം ലഭ്യമാകുന്ന വിധം രണ്ടു സ്റ്റാഫ് നഴ്സുമാരേയും വിന്യസിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. പുന്നപ്ര വടക്ക് പഞ്ചായത്തിനും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കുമാണ് ചുമതല.

കൂടാതെ ആലപ്പുഴയിലെ എല്ലാ കൊവിഡ് കെയര്‍ സെന്ററുകളിലും ആംബുലന്‍സ് ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

87 പേര്‍ കഴിയുന്ന ഡൊമിസിലറി കെയര്‍ സെന്ററില്‍ ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകരോ ആംബുലന്‍സോ ഉണ്ടായിരുന്നില്ല. കോവിഡ് ബാധിതനായ അമ്പലപ്പുഴ കരൂര്‍ സ്വദേശിയെ സന്നദ്ധപ്രവര്‍ത്തകര്‍ ഇന്നലെ ബൈക്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ വാര്‍ത്തയായിരുന്നു.

ബൈക്കില്‍ രോഗിയെ കൊണ്ടുപോയ സംഭവത്തെ തുടര്‍ന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ബൈക്ക് ഒരിക്കലും ആംബലുന്‍സിന് പകരമല്ലെന്നും ആംബുലന്‍സിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ കണ്ടെത്തണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം.

രോഗികളുള്ള കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കണമെന്നും തദ്ദേശ പ്രതിനിധികളുമായൂള്ള യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.

Exit mobile version