ആഘോഷങ്ങളില്ലാതെ ലളിതമാകും സത്യപ്രതിജ്ഞാ ചടങ്ങ്; രാജ്ഭവനിൽ ഒറ്റഘട്ടമായി മന്ത്രിമാർ ചുമതലയേൽക്കും

pinarayi_1

തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രണ്ടാം പിണറായി വിജയൻ സർക്കാർ രാജ്ഭവനിലെ ലളിതമായ ചടങ്ങിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് ധാരണയെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. എൽഡിഎഫ് യോഗത്തിനുശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.

സർക്കാർ രൂപവത്കരണം സംബന്ധിച്ചുള്ള കാര്യങ്ങൾ ചൊവ്വാഴ്ച ചേരുന്ന സെക്രട്ടേറിയറ്റ് ചർച്ചചെയ്യും. ബുധനാഴ്ച പൊളിറ്റ് ബ്യൂറോ യോഗവുമുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പിബി ആണ്. മന്ത്രിമാരെ സംബന്ധിച്ചുള്ള സംസ്ഥാനനേതൃത്വത്തിന്റെ നിർദേശങ്ങൾ കോടിയേരി ബാലകൃഷ്ണൻ പിബി യോഗത്തിൽ അറിയിക്കും. ഇക്കാര്യത്തിൽ തീരുമാനമായശേഷം സംസ്ഥാനസമിതിയോഗവും എൽഡിഎഫ് യോഗവും ചേരും. തിങ്കളാഴ്ച സർക്കാർ അധികാരമേൽക്കുമെന്നാണ് വിവരം. ഇതിനുമുമ്പായി ഘടകകക്ഷികളുമായി ചർച്ച നടത്തി, മന്ത്രിമാർ, വകുപ്പുകൾ എന്നിവയിൽ ധാരണയുണ്ടാക്കും. സീറ്റ് വിഭജനകാര്യത്തിലടക്കം ഉഭയകക്ഷിചർച്ചയിൽ കാര്യക്ഷമമായി ഇടപെട്ട കോടിയേരി ബാലകൃഷ്ണന് തന്നെയാകും ഇതിന്റെയും ചുമതല.

ഒന്നാം സെന്റർ സ്റ്റേഡിയത്തിൽ വലിയ ആഘോഷത്തോടെയായിരുന്നു ഒന്നാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞ. 20 അംഗമന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം 13 മന്ത്രിമാരാണ് കഴിഞ്ഞസർക്കാരിൽ സിപപിഎമ്മിനുണ്ടായിരുന്നത്. സി.പി.ഐ.ക്ക് നാലും എൻസിപി, ജെഡിഎസ് എന്നിവയ്ക്ക് ഓരോന്നുവീതവും മന്ത്രിമാരുണ്ടായിരുന്നു. മന്ത്രിസഭയിൽ പരമാവധി 21 അംഗങ്ങളെയാണ് ഉൾപ്പെടുത്താനാകുക.

Exit mobile version