ഹനുമാന്‍ സ്വാമി കൊറോണയില്‍ രക്ഷിക്കുമോ? സ്വന്തം വില കളയാതെയെന്ന്’സന്തോഷ് കീഴാറ്റൂരിനോട് ഉണ്ണി മുകുന്ദന്‍

നടന്മാരായ ഉണ്ണി മുകുന്ദനും സന്തോഷ് കീഴാറ്റൂരും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ നടന്‍മാരാണ്. സാമൂഹിക വിഷയത്തിലും തന്റെ നിലപാട് വ്യക്തമാക്കാറുള്ള നടനാണ് സന്തോഷ്.

ഇപ്പോള്‍ ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ഒരു ഫോട്ടോക്ക് സന്തോഷ്
നല്‍കിയ കമന്റ് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ശേഷം വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു സന്തോഷ്.


കഴിഞ്ഞ ദിവസം ആരാധകര്‍ക്ക് ഹനുമാന്‍ ജയന്തി ആശംസകള്‍ നേര്‍ന്നു കൊണ്ട് ഉണ്ണി മുകുന്ദന്‍ രംഗത്ത് എത്തിയിരുന്നു. ഇതിന് ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ എന്ന് സന്തോഷ് കീഴാറ്റൂര്‍ കമന്റ് ചെയ്യുകയായിരുന്നു.

പിന്നാലെ സന്തോഷിനെതിരെ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ രംഗത്ത് എത്തി. നിരവധി പേരാണ് അദ്ദേഹത്തെ പരിഹസിച്ചു കൊണ്ട് എത്തിയത്. തൊട്ടുപിന്നാലെ മറുപടിയുമായി ഉണ്ണി മുകന്ദന്‍ തന്നെ രംഗത്ത് എത്തി.

‘ചേട്ടാ നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ട് മാന്യമായി പറയാം. ഞാന്‍ ഇവിടെ ഈ പോസ്റ്റിട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന് മുന്നില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്. ഇതേപോലുള്ള കമന്റ് ഇട്ട് സ്വന്തം വില കളയാതെ’ എന്നായിരുന്നു ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കിയത്. ഉണ്ണിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

എന്നാല്‍ ഉണ്ണിയോട് അത്രയും സ്വതന്ത്ര്യം ഉള്ളത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും മറ്റ് ചിലര്‍ അത് വിദ്വേഷ പ്രചരണമാക്കി മാറ്റിയെന്നും സന്തോഷ് പറയുന്നു.

‘ഞാന്‍ ഒരു മതവിശ്വാസത്തെയോ ദൈവത്തെയോ എതിര്‍ക്കുന്ന ആളല്ല. ഈശ്വരന്‍ രക്ഷിക്കുമോ എന്ന് ചോദിക്കുന്നതില്‍ എന്താണ് തെറ്റ്? രക്ഷിക്കില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. മനുഷ്യന്‍ ഓക്സിജന്‍ പോലും കിട്ടാതെ പിടഞ്ഞ് മരിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. ആ സമയത്താണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റ് കാണുന്നത്. ഞാനും ഒരു വിശ്വാസി തന്നെയാണ്.

ഉണ്ണി അപ്പോള്‍ തന്നെ ചേട്ടാ, എന്ന് വിളിച്ച് മറുപടി പറയുകയും ചെയ്തു. ഇത് രണ്ട് സഹപ്രവര്‍ത്തകര്‍ തമ്മില്‍ ഷെയര്‍ ചെയ്ത കാര്യമാണ്. അതില്‍ ഞങ്ങള്‍ രണ്ട് പേര്‍ക്കും വിഷമമില്ല. എന്റെ കമന്റ് ഉണ്ണിയ്ക്ക് വിഷമം ഉണ്ടാക്കിയോ എന്ന് സംശയിച്ചാണ് താന്‍ അത് ഡിലീറ്റ് ചെയ്തതെന്നും സന്തോഷ് പങ്കുവയ്ക്കുന്നു.

Exit mobile version