നിർമ്മാതാവ് പിന്മാറി, സംവിധായകൻ വിഷ്ണു മോഹൻ ബോധം കെട്ടുവീണു; വീടും പറമ്പും പണയം വെച്ചാണ് മേപ്പടിയാൻ ചെയ്തത് എന്ന് ഉണ്ണി മുകുന്ദൻ

ദേശീയ ചലച്ചിത്ര പുരസ്‌കാര പട്ടികയിൽ ഇടം നേടി ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ ശ്രദ്ധാകേന്ദ്രമായിരിക്കെ സിനിമയ്ക്കായി അനുഭവിച്ച ത്യാഗങ്ങൾ എണ്ണി പറഞ്ഞ് താരത്തിന്റെ കുറിപ്പ്. മികച്ച നവാഗത സംവിധായകനുള്ള ദേശീയപുരസ്‌കാരം മേപ്പടിയാനിലൂടെ സംവിധായകൻ വിഷ്ണു മോഹന് ലഭിച്ച പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദൻ നേരിട്ട പ്രതിസന്ധികൾ വെളിപ്പെടുത്തുന്നത്.

നിർമ്മാതാക്കൾ അവസാന നിമിഷം കൈയ്യൊഴിഞ്ഞ ഈ ചിത്രത്തിന് വേണ്ടി തന്റെ വീടും പറമ്പും പണയംവെച്ചാണ് പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചതെന്ന് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. തന്റെ സ്വപ്നങ്ങൾക്കൊപ്പം നിന്ന്, ബലവും ധൈര്യവും തന്നത് അച്ഛനമ്മമാരാണെന്നും ഉണ്ണി പറയുന്നുണ്ട്.

ഒരു നടൻ എന്ന നിലയിൽ വെല്ലുവിളിച്ച ഈ ചിത്രം നടന്നിരുന്നില്ലെങ്കിൽ അത് 800 ന് മുകളിൽ വരുന്ന, താൻ അതുവരെ വായിച്ച തിരക്കഥകളിൽ ഒന്ന് മാത്രമായി ചുരുങ്ങുമായിരുന്നു. തുടക്കത്തിൽ മേപ്പടിയാനെ മറ്റൊരു പ്രൊഡക്ഷൻഹൗസ് പിന്തുണച്ചിരുന്നു. പക്ഷേ പിന്നീട് വ്യക്തിപരമായ കാരണങ്ങളാൽ അവർ പിന്മാറിയെന്ന് താരം വെളിപ്പെടുത്തുന്നു. പിന്നീട് ഒരു വർഷത്തോളം പ്രോജക്ട് തടഞ്ഞുവെച്ച ഒരു നിർമ്മാതാവ് എത്തിയെന്നും താരം കുറിക്കുന്നു.

ഒടുവിൽ ആ സമയമായപ്പോഴേക്കും തനിക്ക് 20 കിലോ ശരീരഭാരം കൂടി. സമ്മർദവും കൂടിവന്നു. ചിത്രീകരണം ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുൻപ് നിർമാതാവ് പിന്മാറി. ഈ പ്രോജക്റ്റിനെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും അസ്തമിപ്പിച്ച് സംവിധായകൻ വിഷ്ണു ബോധംകെട്ട് വീണു എന്നും ഉണ്ണി മുകുന്ദൻ വിശദീകരിക്കുന്നു.

ALSO READ- ചന്ദ്രയാൻ വാജ്പേയുടെ ആശയമാണെന്ന് കേന്ദ്ര മന്ത്രി; ചാന്ദ്രയാൻ-3യുടെ വിജയത്തിന് പിന്നാലെ ബിജെപി-കോൺഗ്രസ് ‘അവകാശത്തർക്കം’

ഒടുവിൽ മഹാമാരിയുടെ നടുവിലാണെങ്കിലും സ്വന്തമായി പ്രൊഡക്ഷൻ ഹൗസ് തുടങ്ങണമെന്ന് ഞാൻ തീരുമാനിച്ചത് ആ നിമിഷത്തിലായിരുന്നു എന്ന് താരം പറഞ്ഞു. ലോക്ക്ഡൗണിൽ ലോകം നിശ്ചലമായിരിക്കേ തങ്ങൾ കാത്തിരിക്കുകയായിരുന്നു. പണം എവിടെനിന്ന് കണ്ടെത്തുമെന്ന് അറിയില്ലായിരുന്നു. തന്റെ വീട് പണയം വെച്ച് ആ പണം കൊണ്ട് പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചെന്നു എന്നും മാതാപിതാക്കൾ അതിന് പിന്തുണച്ചു എന്നും താരം വെളിപ്പെടുത്തുന്നു.

Exit mobile version