ഇരട്ട ജനിതകമാറ്റം വന്ന വൈറസ് സംസ്ഥാനത്ത് 75% പേര്‍ക്ക്; കരുതലെടുത്തില്ലെങ്കില്‍ വരാനിരിക്കുന്നത് ഡല്‍ഹിക്ക് സമാനമായ സാഹചര്യം, ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സംസ്ഥാനത്ത് 75 ശതമാനം പേര്‍ക്ക് എത്തിയിരിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍. വളരെയധികം കരുതലെടുത്തില്ലെങ്കില്‍ ഡല്‍ഹിക്ക് സമാന സാഹചര്യം കേരളത്തിലും ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

ഏപ്രില്‍ ആദ്യവാരം പുറത്തുവന്ന പഠന ഫലത്തില്‍ 40 ശതമാനം പേരില്‍ ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് കണ്ടെത്തിയെങ്കില്‍ മൂന്നാഴ്ച പിന്നിടുമ്പോള്‍ 75ശതമാനത്തിനുമേല്‍ എത്തിയിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഒരാഴ്ച കൊണ്ട് പ്രതിദിന രോഗികളുടെ എണ്ണം അമ്പതിനായിരം കടക്കാനാണ് സാധ്യതയെന്നും പഠനം പറയുന്നു.

മൂന്നാഴ്ച മുന്‍പ് ഡല്‍ഹിയില്‍ കണ്ട അവസ്ഥയ്ക്ക് സമാനമാണ് കേരളത്തിലെ നിലവിലെ അവസ്ഥ എന്നാണ് കേരളത്തിലെ ജനിതക പഠനത്തെക്കുറിച്ച് പഠിച്ച വിദഗ്ധര്‍ അവലോകന യോഗത്തില്‍ വ്യക്തമാക്കിയത്. വളരെയധികം കരുതലെടുത്തില്ലെങ്കില്‍ ഡല്‍ഹിക്ക് സമാന സാഹചര്യം കേരളത്തിലും ഉണ്ടാകുമെന്നും വിദഗ്ധര്‍ പറയുന്നു.

രോഗ വ്യാപനവും തീവ്രതയും കൈവിട്ടുപോയാല്‍ ആശുപത്രി കിടക്കകളും ഓക്‌സിജന്‍ , വെന്റിലേറ്റര്‍ സംവിധാനങ്ങളും മതിയാകാത്ത സാഹചര്യം വരുമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്നത്. അതിനാല്‍ വളരെയധികം കരുതലെടുക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ അറിയിക്കുന്നത്.

Exit mobile version