ആഹാര സാധനങ്ങള്‍, ടിവി റിമോട്ട്, ഫോണ്‍ പരസ്പരം പങ്കിടരുത്, എസി മുറി ഒഴിവാക്കണം; ഹോം ഐസൊലേഷനില്‍ ഇരിക്കുന്നവര്‍ക്ക് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ഇങ്ങനെ

health department | Bignewslive

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് പുതിയ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആഹാര സാധനങ്ങള്‍, ടിവി റിമോട്ട്, ഫോണ്‍ തുടങ്ങിയ പരസ്പരം പങ്കിടരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. രോഗമില്ലാത്തവരുമായി യാതൊരു വിധത്തിലുമുള്ള സമ്പര്‍ക്കം പാടിലെന്ന് പ്രത്യേകം നിര്‍ദേശിക്കുന്നു.

ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശം ഇങ്ങനെ;

ഹോം ഐസൊലേഷന്‍ എന്നത് റൂം ഐസൊലേഷനാണ്. അതിനാല്‍ മുറിക്ക് പുറത്തിറങ്ങാന്‍ പാടില്ല. അഥവാ മുറിക്കുപുറത്ത് രോഗി ഇറങ്ങിയാല്‍ സ്പര്‍ശിച്ച പ്രതലങ്ങള്‍ അണുവിമുക്തമാക്കണം. വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം. ജനിതകമാറ്റം വന്ന വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രണ്ട് മാസ്‌ക് ധരിക്കുന്നത് നല്ലതാണ്. രോഗീപരിചണം നടത്തുന്നവര്‍ എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്.

ശുചിമുറിയുള്ളതും വായുസഞ്ചാരമുള്ളതുമായ മുറിയിലാണ് ഹോം ഐസൊലേഷനിലുള്ളവര്‍ കഴിയേണ്ടത്. അതിന് സൗകര്യമില്ലാത്തവര്‍ക്ക് ഡൊമിസിലിയറി കെയര്‍സെന്ററുകള്‍ തിരഞ്ഞെടുക്കാം. എ.സി.യുള്ള മുറി ഒഴിവാക്കണം. വീട്ടില്‍ സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് കൈകള്‍ കഴുകണം. കഴിക്കുന്ന പാത്രങ്ങളും ധരിച്ച വസ്ത്രങ്ങളും അവര്‍തന്നെ കഴുകുന്നതാണ് നല്ലത്. നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച പാത്രം, വസ്ത്രങ്ങള്‍, മേശ, കസേര, ബാത്ത്റൂം മുതലായവ ബ്‌ളീച്ചിങ് ലായനി (ഒരു ലിറ്റര്‍ വെള്ളത്തില്‍ മൂന്നു ടിസ്പൂണ്‍ ബ്‌ളീച്ചിങ് പൗഡര്‍) ഉപയോഗിച്ച് വൃത്തിയാക്കണം.

Exit mobile version