എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന അഗ്‌നിപര്‍വതത്തിന് മുകളിലാണ് നമ്മള്‍ ഇരിക്കുന്നത്; നിയന്ത്രണങ്ങള്‍ സ്വയമേ ഏറ്റെടുക്കാന്‍ തയ്യാറാകണം മുഖ്യമന്ത്രി

തിരുവനന്തപുരം: എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിച്ചേക്കാവുന്ന അഗ്‌നിപര്‍വതത്തിന് മുകളിലാണ് നമ്മള്‍ ഇരിക്കുന്നത് എന്ന് മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ യാന്ത്രികമായി അനുസരിക്കുന്നതിന് പകരം അവ സ്വയമേവ ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് അവലോകന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോവിഡ് രണ്ടാം വ്യാപനത്തില്‍ ജനതിക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യമാണ് പ്രധാന വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ വരുന്നവര്‍ കര്‍ശനമായി ക്വാറന്റീന്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ ഗ്രാമപ്രദേശങ്ങളില്‍ കൂടുതല്‍ ശക്തമാക്കണം. അതിന്റെ ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങള്‍ ഏറ്റെടുക്കണം. ആള്‍ക്കൂട്ടം ഒഴിവാക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയ കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കൃത്യമായി നടപ്പില്‍ വരുത്തുന്നുവെന്ന് ഓരോ തദ്ദേശ സ്ഥാപനവും മത്സര ബുദ്ധിയോടെ പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി വ്.

മാറ്റിവയ്ക്കാന്‍ സാധിക്കുന്ന പരിപാടികള്‍ ചുരുങ്ങിയത് ഒരു മാസം കഴിഞ്ഞ് നടത്താന്‍ തീരുമാനിക്കണം. ഇപ്പോള്‍ പരമാവധി സര്‍ക്കാര്‍ അനുവദിച്ചത് 75 പേരെയാണ്. ഇത് കൂടുതല്‍ ചുരുക്കുന്ന സമീപനം സ്വീകരിക്കണം. ഇത് അവനവന്റെ ഉത്തരവാദിത്വമാണ് എന്ന് കണ്ട് സാഹചര്യത്തിന് അനുസരിച്ച് ഉയര്‍ന്നു പ്രവര്‍ത്തിക്കാന്‍ എല്ലാവരും സന്നദ്ധരാകണം. അല്ലെങ്കില്‍ രോഗവ്യാപന വേഗത നമ്മള്‍ വിചാരിക്കുന്നതിലും വേഗം കൈവരിക്കും- മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി.

Exit mobile version