വീട് പണിയുടെ ബാധ്യതയുണ്ട്, എങ്കിലും നാടിനൊപ്പം തന്നെ! ശമ്പള വര്‍ധനവായി ലഭിച്ച 12,500 രൂപ വാക്‌സിന്‍ ചലഞ്ചിലേക്ക് നല്‍കി പോലീസുകാരന്‍, ഹൃദയത്തില്‍ നിന്ന് സല്ല്യൂട്ടടിച്ച് സോഷ്യല്‍ലോകം

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ മരുന്നുകമ്പനിയില്‍ നിന്ന് നേരിട്ട് പണം കൊടുത്ത് വാങ്ങണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച വാക്‌സിന്‍ ചലഞ്ചിലൂടെ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നത്.

അത്തരത്തില്‍ വാക്‌സിന്‍ ചലഞ്ചില്‍ പങ്കുചേര്‍ന്നിരിക്കുകയാണ് തിരുവനന്തപുരം
പോലീസ് ഉദ്യോഗസ്ഥനായ ബാലാജിത്ത് ബാലു. ശമ്പള വര്‍ധനവായി ലഭിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് മാതൃകയായിരിക്കുകയാണ് ബാലാജിത്ത് ബാലു. തിരുവനന്തപുരം പട്ടം ട്രാഫിക് സ്റ്റേഷനിലെ സിപിഒ ആണ് ബാലാജിത്ത് ബാലു. ശമ്പള വര്‍ധനവായി ലഭിച്ച 12,500 രൂപ വാക്‌സിന്‍ ചലഞ്ചിനായി നല്‍കിയത്.

വെള്ളനാട് സ്വദേശിയായ ബാലാജിത്ത് 2008- ലാണ് പോലീസ് ജോലിയില്‍ പ്രവേശിച്ചത്. ബാലാജിത്തും അമ്മ ശകുന്തളയും കോവിഡ് വാക്‌സിന്‍ ആദ്യ ഡോസെടുത്തു. ആര്‍ടിഒ ഓഫീസിലെ ജീവനക്കാരിയായ ഭാര്യ പാര്‍വ്വതി ഗര്‍ഭിണി ആയതിനാല്‍ വാക്‌സിനെടുത്തിട്ടില്ല. താന്‍ നല്‍കിയ ചെറിയ തുകയിലൂടെ സാധാരണക്കാരായ കുറച്ചു പേര്‍ക്കെങ്കിലും വാക്‌സിന്‍ ലഭിക്കുമല്ലോയെന്ന സന്തോഷം പങ്കുവയ്ക്കുകയാണ് ഈ പോലീസുകാരന്‍.

ശ്രീകാര്യം ചാവടിമുക്കില്‍ അച്ഛന്റെ വിഹിതമായി ലഭിച്ച സ്ഥലത്ത് വീട് പണി നടക്കുകയാണ്. അതിന്റെ പ്രതിസന്ധികളുണ്ടെങ്കിലും ഈ ഘട്ടത്തില്‍ നാടിനൊപ്പം നില്‍ക്കേണ്ടത് ഓരോ പൗരന്റേയും കടമയാണെന്നും ബാലാജിത്ത് പറയുന്നു.

അതേസമയം, സ്വന്തം ജീവിതത്തിലെ അത്യാവശ്യങ്ങളില്‍ നിന്നും വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്ത ബാലാജിത്തിന് ബിഗ് സല്യൂട്ടടിക്കുകയാണ് സൈബര്‍ ലോകം.

‘പോലീസുകാരനാണ്, കോവിഡിന്റെ മുന്നണി പോരാളിയുമാണ്…അതില്‍ അഭിമാനവും ഉണ്ട്. ഈ വറുതികള്‍ക്കിടയിലും സര്‍ക്കാര് ഉദ്യോഗസ്ഥരെ ചേര്‍ത്തു പിടിച്ചു . 12500/- രൂപയുടെ ശമ്പള വര്‍ദ്ധനവ് ഉണ്ട്.

പോലീസുകാര്‍ക്ക് പണി കൂടുതലാണ് ഒപ്പം ചിലവും. വീടുപണിയുടെ തന്ത്രപ്പാടും ഉണ്ട് . എന്നാലും മുഖ്യമന്ത്രിയുടെ രീതിയില്‍ പറഞ്ഞാല്‍ ‘പുതിയ വീട് വച്ചിട്ട് കിടക്കാന്‍ ആള് വേണ്ടേ…? വീട് കണ്ട് നല്ലത് പറയാന്‍ നാട്ടാര് വേണ്ടേ…? ‘

അതുകൊണ്ട് ആദ്യം വാക്സിന്‍ അതു നടക്കട്ടെ ….പ്രീയ മുഖ്യമന്ത്രീ എന്‍െറ വര്‍ദ്ധിച്ച ശമ്പളം അങ്ങ് വാക്സിന്‍ ഫണ്ടിലേക്ക് സ്വീകരിച്ചാലും,… ഒപ്പം പതിമൂന്ന് കൊല്ലത്തെ സര്‍വ്വീസില്‍, ആത്മാര്‍ത്ഥമായും അല്ലാതെയും പലരെയും സല്ല്യൂട്ട് ചെയ്തിട്ടുണ്ട് , പക്ഷേ ഉള്ളിലെ സ്നേഹത്തിലും മനുഷ്യത്വത്തിലും പാകപ്പെടുത്തിയ ഒരു സല്ല്യൂട്ട് ഉണ്ട് , ഹൃദയത്തില്‍ തൊട്ടൊരു സല്ല്യൂട്ട്’ അത് അങ്ങേയ്ക്ക് മാത്രമുള്ളതാണ്…..’

Exit mobile version