ബസ് യാത്രയ്ക്കിടെ യുവതിയെ കടന്നുപിടിച്ചു: പോലീസുകാരന് സസ്‌പെന്‍ഷന്‍

ഇടുക്കി: സ്വകാര്യ ബസില്‍ യുവതിയ്ക്ക് നേരെ അതിക്രമം, യുവതിയെ കടന്നുപിടിച്ച പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. ഇടുക്കി പെരുവന്താനം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ അജാസ്മോനെയാണ് സസ്പെന്‍ഡ് ചെയ്തത്. അജാസിനെതിരേ നേരത്തേ പൊന്‍കുന്നം പോലീസ് കേസെടുത്ത് അറസ്റ്റുചെയ്തിരുന്നു.

ശനിയാഴ്ച വൈകിട്ട് കോട്ടയത്തുനിന്ന് മുണ്ടക്കയത്തേക്ക് യാത്ര തിരിച്ച യുവതിയ്ക്കാണ് ബസില്‍ വച്ച് ദുരനുഭവമുണ്ടായത്. ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞുമായാണ് യുവതി ബസില്‍ കയറിയത്. യാത്രയ്ക്കിടെ യുവതി കുഞ്ഞിന് പാലുകൊടുത്തിരുന്നു. ഈ സമയത്താണ് അജാസ് മോന്‍ കടന്നുപിടിച്ചതെന്നാണ് യുവതിയുടെ പരാതി.

സംഭവത്തിന് പിന്നാലെ പൊന്‍കുന്നത്ത് വച്ച് യുവതി ബസില്‍നിന്നിറങ്ങി മറ്റൊരു ബസില്‍ കയറിയിരുന്നു. എന്നാല്‍, അജാസ് മോനും യുവതിയെ പിന്തുടര്‍ന്ന് ഇതേ ബസില്‍ തന്നെ കയറി. ഇതോടെ യുവതി ഭര്‍ത്താവിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. തുടര്‍ന്ന് ബസ് കാഞ്ഞിരപ്പള്ളിയില്‍ എത്തിയപ്പോള്‍ യുവതി ഇവിടെയിറങ്ങി. തൊട്ടുപിന്നാലെ പ്രതിയും ബസില്‍ നിന്നിറങ്ങി. ഇതോടെ സ്ഥലത്തുണ്ടായിരുന്ന യുവതിയുടെ ബന്ധുക്കള്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയെ പിന്നീട് പൊന്‍കുന്നം പോലീസിന് കൈമാറി.

Exit mobile version