എത്രയെത്ര സുന്ദരമായ മുഹൂര്‍ത്തങ്ങള്‍, പൂവ് പോലെ മനസുള്ള സ്വരാജ്; ലോക പുസ്തക ദിനത്തില്‍ എം സ്വരാജിന്റെ ‘പൂക്കളുടെ പുസ്തകത്തെ’ കുറിച്ച് ഐബി സതീഷ് എംഎല്‍എ

M Swaraj | Bignewslive

കൊച്ചി: ലോക പുസ്തക ദിനത്തില്‍ എം സ്വരാജിന്റെ പൂക്കളുടെ പുസ്തകത്തെ കുറിപ്പ് മനോഹര കുറിപ്പുമായി എംഎല്‍എ ഐബി സതീഷ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പൂവ് പോലെ മനസുള്ള സ്വരാജ്….. എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം പുസ്തകത്തെ കുറിപ്പ് പങ്കിട്ടിരിക്കുന്നത്. കഴിഞ്ഞ മാസമാണ് സ്വരാജ് എംഎല്‍എയുടെ പൂക്കളുടെ പുസ്തകം എന്ന ബുക്ക് പ്രസിദ്ധീകരിച്ചത്.

അയത്‌നലളിതമായ ആഖ്യാനശൈലിയിലൂടെ ഓരോ താളുകളും ‘ഭക്ഷിക്കുവാന്‍’ വായനക്കാരനെ പ്രേരിപ്പിക്കും ഈ പുസ്തകം. പൂക്കളെ സ്‌നേഹിക്കുന്ന, പൂക്കളുടെ പൊരുള്‍തേടുന്ന, മനുഷ്യനെ കരുതുന്ന, അവന് അഭിമാനത്തോടെ ജീവിക്കുവാന്‍ ആത്മവിശ്വാസം നല്‍കുന്ന, അവനെ നന്‍മയുടെ ലോകങ്ങളിലേക്ക് കൈപിടിച്ചു നടത്തുന്ന ഗ്രന്ഥകാരന്റെ ഹൃദയത്തിന്റെ ചേതനയും, ആനന്ദവുമണ് പുസ്തകത്തിന്റെ ഓരോ താളുകളിലും പീലിവിടര്‍ത്തുന്നതെന്ന് ഐബി സതീഷ് കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പൂവ് പോലെ മനസുള്ള സ്വരാജ്…..
ഇന്ന് ഏപ്രിൽ 23
ലോക പുസ്തകദിനം .
1995 മുതലാണ് യുവജനങ്ങൾക്കിടയിൽ
വായനശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി യുനെസ്കോയുടെ നേതൃത്വത്തിൽ പുസ്തകദിനം ആചരിച്ചു തുടങ്ങിയത്. വില്യം ഷേക്സ്പിയർ ഉൾപ്പെടെയുള്ള കുറച്ചധികം വിശ്വാസാഹിത്യകാരൻമാരുടെ ജനന/മരണ ദിവസമായതിനാലാണ്
പുസ്തകദിനമായി ഏപ്രിൽ 23 തിരഞ്ഞെടുക്കുവാൻ കാരണം.
ഈ പുസ്തകദിനത്തിൽ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ശ്രീ.എം.സ്വരാജ് എം.എൽ.എ യുടെ “പൂക്കളുടെ പുസ്തകം ” എന്ന സുന്ദരമായ പുസ്തകം പരിചയപ്പെടുത്തട്ടെ …….
അറിഞ്ഞ സ്വരാജിനെ കുറിച്….. പിന്നെ
പുസ്തകത്തിലേക്കും ..
ശ്രീ.എം.സ്വരാജ് .
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വച്ച് നടന്ന കോളേജ് യൂണിയൻ ഭാരവാഹികളുടെ ശിൽപശാലയിൽ വച്ചാണോ , അതോ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസിൽ വച്ചാണോ സ്വരാജിനെ ആദ്യമായി കാണുന്നത് എന്ന് കൃത്യമായി ഓർത്തെടുക്കാൻ സാധിക്കുന്നില്ല. എന്തായാലും ആദ്യത്തെ ആ കൂടികാഴ്ച മുതൽ നിയമസഭയിലെ സഹപ്രവർത്തകൻ വരെയുള്ള ഞങ്ങളുടെ സൗഹൃദവഴികൾ നിറയെ പൂക്കൾ ……..
ചിതറിത്തെറിക്കുന്ന തീജ്വാലകൾ ,
കാമ്പുള്ള ആശയങ്ങൾ നിറഞ്ഞുതുളുമ്പുന്ന സ്വരാജിന്റെ പ്രഭാഷണങ്ങളും, ചർച്ചകളും എന്നും ഒരു കൗമാരക്കാരന്റെ മനസ്സോടെ നിയമസഭയ്ക്കകത്തും പുറത്തും സമരമുഖങ്ങളിലും കേട്ടുനിന്നിട്ടുണ്ട്. മറ്റുള്ളവരുടെ ഇഷ്ട്ടാനിഷ്ടങ്ങൾക്കപ്പുറം അക്ഷ്യോഭ്യനായി തന്റെ നിലപാടുകളെ ആർജവത്തോടെ ഉയർത്തിപ്പിടിക്കുന്ന ഈ
യുവപോരാളിയുമായുള്ള സൗഹൃദം അഭിമാനമാണ് ….
മുൻവിധികളെ മറികടക്കുന്നതും ഏറെ അപൂർവ്വതകളുള്ളതുമായ ഒരു വ്യക്തിത്വത്തിനുടമയാണ് ശ്രീ.സ്വരാജ് എന്ന് കൂടുതൽ ബോധ്യപ്പെട്ടതും അദ്ദേഹത്തിന് ജീവിതത്തിൽ ചില നിഷ്ഠകളുണ്ട് എന്നും അതൊന്നും ഇതെവരെ “പ്രസിദ്ധീകരിക്കാത്തവയാണെന്നും”മനസിലായതു ഒരുമിച്ചുള്ള ആ ദില്ലി, കാശ്മീർ യാത്രകളിലായിരുന്നു. ഈ അക്ഷോഭ്യത എങ്ങനെ സ്ഥായീഭാവമായെന്നും, എപ്പോഴും ചടുലതയാർന്ന
വാക്കുകൾകൊണ്ടും, വ്യക്തതയുള്ള
ആശയങ്ങൾകൊണ്ടും ശത്രുപക്ഷത്തിന്റെ പ്രതിലോമപരതയെ കീഴ്പ്പെടുത്തുവാൻ കഴിയുന്നുവെന്നതും അതിശയകരവും അതോടൊപ്പം അനുകരണീയമായ മാതൃകയും തന്നെയാണ്.
വിദ്യാർത്ഥി യുവജന
കാലംമുതലുള്ള സഹപ്രവർത്തകൻ, ഒരേസമയം സർവ്വകലാശാല യൂണിയൻ ചെയർമാൻമാർ ,
ഒരേസമയം നിയമസഭാ അംഗങ്ങൾ എന്നീതലങ്ങളിൽ ഒരുമിച്ചുണ്ടായിരുന്നു. പ്രായംകൊണ്ട് ഇളപ്പമെങ്കിലും പ്രതിഭകൊണ്ട് കൊണ്ട് നിരന്തരം എന്നെ വിസ്മയിപ്പിക്കുന്നൊരാളാണ് സ.സ്വരാജ്.
ഇനി പുസ്തകത്തെ പരിചയപ്പെടുത്തട്ടെ ….
ഗ്രന്ഥകാരന് അഞ്ച് വയസുള്ളപ്പോൾ അമ്മമടിയിലിരുന്ന് കേട്ട അസീസിയിലെ ഫ്രാൻസിസ് എന്ന വിശുദ്ധന്റെ കഥയിലെ മുള്ളില്ലാത്ത റോസപുഷ്പവും, പിന്നീടങ്ങോട്ടുള്ള
ഗ്രന്ഥകാരനായ സ്വരാജിന്റെ
ജീവിതയാത്രകളിലെ വിവിധ നിറമുള്ള പൂക്കളെയും, അവയുടെ സൗരഭ്യത്തെയും തിരഞ്ഞ സംഭവങ്ങളെയും, പൂക്കളുമായി ബന്ധപ്പെട്ട കഥകളെയും,ഐതിഹ്യങ്ങളെയും ചരിത്രത്തെയും ഉൾകൊള്ളുന്ന ഈ പുസ്തകം സ്വരാജിന്റെ മനസിന്റെ നൈർമല്യത്തേയും, അദ്ദേഹം മനസിൽ കാത്തുസൂക്ഷിക്കുന്ന സ്നേഹത്തിന്റെയും അടയാളമാണ്.
മേന്തോന്നി പൂവിന്റെ മുഖചിത്രമുള്ള 1992 ൽ പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കോപ്പി പതിനഞ്ചു വർഷങ്ങൾക്കുശേഷം ഒരുപാട് അന്വേഷിച്ച് അവസാനം
“ഞങ്ങളുടെ വിളപ്പിൽശാല” യിൽ നിന്നും കണ്ടെത്തിയതും …….
മേന്തോന്നിപ്പൂവുമായി
ബന്ധപ്പെട്ട്തന്നെ ശ്രീലങ്കയിലെ തമിഴ് വംശജരുടെ
സ്വാതന്ത്ര്യസ്വപ്നങ്ങൾക്ക് നിറംപകർന്ന എൽ.ടി.ടി.ഇ യുടെ കഥ പറഞ്ഞതും …………
ജർമനിക്ക് മരണത്തിന്റെ ഗന്ധം നൽകിയ ഹിറ്റ്ലറുടെ നാസീഭീകരതക്കെതിരെ പോരാടി വധിക്കപ്പെട്ട വിദ്യാർത്ഥികളുടെ കൂട്ടായ്മയായ “വൈറ്റ് റോസ് ” ന്റെ അംഗങ്ങളുടെ ചരിത്രവും …….
ഒരു സ്കൂൾ ചടങ്ങിൽ മാലാഖകുപ്പായം ധരിച്ചെത്തിയ കൊച്ചുമിടുക്കി സമ്മാനിച്ച
“കാർനേഷിയ” എന്ന പൂവിന്റെ പിന്നാലെ വായനക്കാരെ കൊണ്ടുപോയി പോർച്ചുഗലിൽ
“തെരുവിന്റെ ഓരോ മൂലയിലും ഓരോ സ്നേഹിതനുണ്ട്” എന്ന വരികൾപാടി കാവ്യപിപ്ലവം നയിച്ച ജോസ് അൽഫോൺസോ എന്ന തെരുവുഗായകൻ തീർത്ത കാർനേഷൻ വിപ്ലവത്തിന്റെ ചരിത്രവഴികളിൽ കൊണ്ടെത്തിച്ചതും……..
വാടാത്ത പൂക്കൾ തേടി വീട്ടിൽനിന്ന്
കാൽനടയായി 50 കി.മി ഒരു ദിവസം കൊണ്ട് നടന്നു തീർത്ത് ഊട്ടി കുന്നുകളിലെത്തുന്ന ഗ്രന്ഥകാരന്റെ സ്വന്തം അനുഭവം വിവരിക്കുന്നതുമടക്കം, എത്രയെത്ര സുന്ദരമായ മുഹൂർത്തങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.
” ഹേമന്തത്തിലെ തീജ്വാലകൾ ” എന്ന അവസാന അധ്യായത്തിൽ പറയുന്ന ആ കാശ്മീർ യാത്രയിലെ ചിനാർ മരങ്ങളുടെ ചുവട്ടിലെ ചർച്ചകളിലും,
സ്നേഹസംഭാഷണങ്ങളിലും പ്രിയ സ്വരാജിനൊപ്പം ഞാനുമുണ്ടായിരുന്നുവെന്നത് മനസിനെ ഏറെ സന്തോഷിപ്പിക്കുന്നു. നിർഭയമായി കാശ്മീർ താഴ്‌വരകൾ സന്ദർശിച്ച അവസാനയാത്ര സംഘം
ഒരുപക്ഷേ നമ്മളായിരിക്കാം അല്ലേ സ്വരാജ്. കാശ്മീർ യാത്ര കഴിഞ്ഞ് ഞങ്ങൾ
മലയാളമണ്ണിൽ കാല്കുത്തിയ ശേഷം കേൾക്കുന്ന
ആദ്യവാർത്ത ഭരണഘടനയുടെ 370 ആം വകുപ്പ്
റദ്ദ്ചെയ്യപ്പെടുന്നതും , കാശ്മീരിനെ രണ്ടായി വെട്ടിമുറിക്കപ്പെടുന്നതും തുടർന്നുള്ള അസ്വസ്ഥതകളുമാണ്.
അയത്നലളിതമായ
ആഖ്യാനശൈലിയിലൂടെ ഓരോ താളുകളും “ഭക്ഷിക്കുവാൻ” വായനക്കാരനെ പ്രേരിപ്പിക്കും ഈ പുസ്തകം. പൂക്കളെ സ്നേഹിക്കുന്ന, പൂക്കളുടെ പൊരുൾതേടുന്ന, മനുഷ്യനെ കരുതുന്ന, അവന് അഭിമാനത്തോടെ ജീവിക്കുവാൻ ആത്മവിശ്വാസം നൽകുന്ന, അവനെ നൻമയുടെ ലോകങ്ങളിലേക്ക് കൈപിടിച്ചു നടത്തുന്ന ഗ്രന്ഥകാരന്റെ ഹൃദയത്തിന്റെ ചേതനയും, ആനന്ദവുമണ് പുസ്തകത്തിന്റെ ഓരോ താളുകളിലും പീലിവിടർത്തുന്നത്.
ഈ പുസ്തകദിനത്തിൽ സ്വരാജിന്റെ ഈ പുസ്തകത്തെ കുറിച്ചല്ലാതെ മറ്റെന്തെഴുതുവാനാണ് ഞാൻ….
പ്രിയ സുഹൃത്തെ,
അടുത്തതവണ പുസ്തകശാലയിൽ പോയി മടങ്ങുമ്പോൾ തീർച്ചയായും കയ്യിൽ ഉണ്ടായിരിക്കേണ്ട ഒന്നാണ് സ്വരാജിന്റെ
“പൂക്കളുടെ പുസ്തകം ” …..
ഡി.സി ബുക്ക്സ് ആണ് പ്രസാധകർ….
നഷ്ടബോധമുണ്ടാകില്ല…..
ഉറപ്പ് എന്റെ വക…..
“പൂക്കളുടെ പുസ്തകം” ന്റെ ഈ അവസാന താളുകളും
മറിഞ്ഞുതീരുമ്പോൾ എനിക്കും ചുറ്റുമുള്ളവർക്കും എന്തു
സുഗന്ധമെന്നോ….
ശുഭദിനം ….
സ്നേഹപൂർവ്വം
ഐ.ബി സതീഷ് .

Exit mobile version