രണ്ടോ മൂന്നോ പേര്‍ക്ക് കൂടി വാക്‌സിന്‍ വാങ്ങാന്‍ തയ്യാറുള്ളവര്‍ ഇവിടെ ഉണ്ട്! സൗജന്യവാക്‌സിന്റെ വില മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; കേന്ദ്രത്തിനെതിരെ വൈറലായി വാക്സിന്‍ ചലഞ്ച്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിനെതിരെ എതിര്‍പ്പ് ശക്തമാകുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ വാക്സിന്‍ ചലഞ്ച് വൈറലാകുന്നു.
സംസ്ഥാന സര്‍ക്കാറിന്റെ സൗജന്യ വാക്സിന്‍ സ്വീകരിച്ചവര്‍ രണ്ട് ഡോസ് വാക്സിന്റെ തുകയായ 800 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്നതാണ് വാക്സിന്‍ ചലഞ്ച്.

വാക്സിന്‍ പൊതുവിപണിയില്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയും വാക്സിന്‍ വിതരണത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഭാഗികമായി പിന്‍വാങ്ങുകയും ചെയ്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

വാക്സിന്‍ വിതരണത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ ചുമലിലാക്കുകയും സ്വകാര്യ കമ്പനികള്‍ക്കും ആശുപത്രികള്‍ക്കും ലാഭം കൊയ്യാന്‍ അവസരമൊരുക്കുകയും ചെയ്യുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനമെന്നും കാമ്പയിന്‍ ആരോപിക്കുന്നു.

കമ്പനികളില്‍ നിന്ന് നേരിട്ട് സംസ്ഥാന സര്‍ക്കാര്‍ വാക്സിന്‍ വാങ്ങണമെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇതുപ്രകാരം കമ്പനി ഉദ്പാദിപ്പിക്കുന്ന വാക്സിന്റെ 50 ശതമാനംവരെ സംസ്ഥാനങ്ങള്‍ക്കും പൊതുവിപണിയിലും മുന്‍കൂട്ടി നിശ്ചയിക്കുന്ന വിലയ്ക്ക് നല്‍കാം.

കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനു പിന്നാലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കോവിഷീല്‍ഡ് വാക്സിന്റെ വിലവിവരം കമ്പനി പുറത്തിറക്കുകയും ചെയ്തിരുന്നു. ഇത് പ്രകാരം സംസ്ഥാനങ്ങള്‍ക്ക് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ നിരക്കിലുമാണ് വാക്സിന്‍ ലഭ്യമാകുക.

വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും സംസ്ഥാനത്തെ എല്ലാവര്‍ക്കും സൗജന്യ വാക്സില്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച വ്യക്തമാക്കുകയും ചെയ്തിരുന്നു.

Posted by Deepa Nisanth on Wednesday, 21 April 2021

കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്സിനേഷന്‍ നയം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ ബാധിച്ചതായും സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ വാക്സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രം നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് #vaccinechallenge എന്ന ഹാഷ് ടാഗിലാണ് കാമ്പയിന്‍ സജീവമായിരിക്കുന്നത്. വാക്സിന്‍ എടുത്തവരും എടുക്കാത്തവരുമായ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 800 രൂപ നിക്ഷേപിക്കുകയും അതിന്റെ സാക്ഷ്യപത്രം പോസ്റ്റ് ചെയ്യുകയും ചെയ്ത് പ്രതിഷേധത്തില്‍ പങ്കാളികളാകുന്നത്.

Exit mobile version