‘സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ബുദ്ധിമുട്ട്, പ്രാദേശിക ലോക്ഡൗണ്‍ വേണ്ടി വന്നേയ്ക്കും’ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

KK Shailaja | Bignewslive

കണ്ണൂര്‍: കൊവിഡ് 19 രണ്ടാം തരംഗം അലയടിക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഇനി ബുദ്ധിമുട്ടാണെന്ന് അറിയിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. അതേസമയം സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമമുണ്ടെന്നും മന്ത്രി അറിയിച്ചു. കൂടുതല്‍ വാക്‌സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.

വാക്സിന്‍ കുറവായതിനാല്‍ സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യമാണുള്ളതെന്നും കൊവിഡ് പടരാന്‍ തെരഞ്ഞെടുപ്പ് കാരണമായിട്ടില്ലെന്നും ആരോഗ്യമന്ത്രി പറയുന്നു. രോഗതീവ്രതയുള്ള സ്ഥലങ്ങളില്‍ പ്രാദേശിക ലോക്ഡൗണ്‍ വേണ്ടിവരുമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. സമ്പൂര്‍ണ ലോക്ഡൗണ്‍ ഇനി ബുദ്ധിമുട്ടുള്ള കാര്യമാണ്. ആളുകളുടെ ജീവന്‍ മാത്രമല്ല, ജീവിത ഉപാധികൂടി സംരക്ഷിക്കേണ്ടതുണ്ടെന്നും ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

മന്ത്രിയുടെ വാക്കുകള്‍;

മെഗാ വാക്സിനേഷന്‍ ക്യാമ്പിലൂടെ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനുള്ള ദൗത്യം കേരളം നിര്‍വഹിക്കുമ്പോള്‍ വാക്സിന്‍ ക്ഷാമം നന്നായി അനുഭവപ്പെടുന്നുണ്ട്. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രിയുടെയും ആരോഗ്യവകുപ്പ് സെക്രട്ടറിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. നിഷേധാത്മക നിലപാട് ഇതുവരെ കേന്ദ്രം സ്വീകരിച്ചിട്ടില്ല. 50 ലക്ഷം ഡോസ് ചോദിച്ചിട്ട് അതിന്റെ പകുതി പോലും ലഭ്യമായിട്ടില്ല. കൂടുതല്‍ വാക്സിന്‍ ഡോസ് നല്‍കാന്‍ കേന്ദ്രം തയ്യാറാകണം.

വാക്സിന്‍ നേരിട്ടുവാങ്ങാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കില്ല. കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കണം. സ്വകാര്യ മേഖലയില്‍ വാക്സിന്‍ വാങ്ങാനുള്ള അനുവാദം കൂടി കേന്ദ്രം നല്‍കിയാല്‍ വാക്സിനേഷന്‍ വേഗത വര്‍ധിപ്പിക്കാന്‍ സാധിച്ചേക്കും. ഇത്തരം അടിയന്തര നടപടികള്‍ കേന്ദ്രം കൈകൊള്ളണം. അടുത്ത ദിവസങ്ങളില്‍ വലിയ തോതില്‍ വാക്സിന്‍ ലഭ്യമായിട്ടില്ലെങ്കില്‍ സംസ്ഥാനത്തെ മെഗാ വാക്സിനേഷന്‍ പദ്ധതി അവതാളത്തിലാകും.

Exit mobile version