കിറ്റക്‌സ് കമ്പനിയിലേക്ക് ആറ് റോഡുകൾ; സാബു ജേക്കബിന്റെ സ്വകാര്യ ഭൂമിയിലെ തോടുകൾക്ക് ഭിത്തി പണിയൽ; കിഴക്കമ്പലം പഞ്ചായത്ത് ഫണ്ട് ട്വന്റി-ട്വന്റി ദുരുപയോഗം ചെയ്‌തെന്ന് ഇന്റലിജൻസ്

kizhakkambalam

ആലുവ: കിറ്റക്‌സ് ഗ്രൂപ്പിന്റെ ട്വന്റിട്വന്റി ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്ത് കിറ്റക്‌സ് കമ്പനിയുടെ സ്വകാര്യ ആവശ്യങ്ങൾക്ക് പഞ്ചായത്ത് ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കായി വിനിയോഗിക്കേണ്ട ഫണ്ട് സ്വകാര്യ ആവശ്യങ്ങൾക്കായി ദുർവിനിയോഗിച്ചെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.

കിഴക്കമ്പലത്ത് പഞ്ചായത്ത് ഫണ്ട് ദുരുപയോഗം ചെയ്തതിനെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതോടെയാണ് ഇന്റലിജൻസ് എറണാകുളം സംഘം പരിശോധന നടത്തിയത്. കിഴക്കമ്പലം പൂക്കാട്ടുപടി പിഡബ്ല്യൂഡി റോഡിന് സ്ഥലം ഏറ്റെടുത്തതിന് ഭൂവുടമകൾക്ക് പ്രതിഫലം നൽകിയിട്ടില്ലെന്ന ആരോപണവും നിലനിൽക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

കിറ്റക്‌സ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലേക്കും സ്ഥലങ്ങളിലേക്കും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ആറ് റോഡുകൾ നിർമ്മിച്ചതായും കിറ്റക്‌സ് എംഡി സാബു എം ജേക്കബിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയോട് ചേർന്ന തോടുകളുടെ വശം കെട്ടാൻ ഫണ്ട് ഉപയോഗിച്ചുവെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു.

ഇത് സംബന്ധിച്ച് വിജിലൻസ് അന്വേഷിക്കണമെന്നും ഇന്റലിജൻസ് മേധാവി ആഭ്യന്തര അഡിഷണൽ സെക്രട്ടറിക്ക് കൈമാറിയ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. കിറ്റക്‌സ് കമ്പനി സ്ഥിതി ചെയ്യുന്നതിനോട് ചേർന്ന് നെൽവയൽ തണ്ണീർത്തട നിയമം ലംഘിച്ചുവെന്ന കണ്ടെത്തലുമുണ്ട്. ഇത് പ്രാഥമിക പരിശോധനക്കായി തദ്ദേശ ഭരണ അഡിഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. പഞ്ചായത്തിലെ വികസന ഫണ്ടിന്റെ ഉപയോഗം നിരീക്ഷിക്കണമെന്നും ഇന്റലിജൻസ് ശുപാർശ ചെയ്തിട്ടുണ്ട്.

Exit mobile version