സംസ്ഥാനത്ത് തൂക്കുസഭ; ആരേയും പിന്തുണയ്ക്കാതെ ഇരു മുന്നണികളേയും ശിഥിലമാക്കുകയാണ് ലക്ഷ്യം: കെ സുരേന്ദ്രൻ

k surendran

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ എൻഡിഎയ്ക്ക് ഉറച്ച പ്രതീക്ഷയാണ് ഉള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ തൂക്കുമന്ത്രിസഭ ആയിരിക്കുമെന്നും അങ്ങനെ വന്നാൽ ആരെയും പിന്തുണയ്ക്കാതെ മുന്നണികളെ ശിഥിലമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ എൻഡിഎയ്ക്ക് ഉറച്ച പ്രതീക്ഷയാണുള്ളത്. കേരള രാഷ്ട്രീയത്തിൽ വളരെ നിർണായക സ്ഥാനത്തേക്കു വരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് മുന്നണികൾക്കെതിരെയും ശക്തമായ ബദൽ ഉയർന്നുവന്നിടത്തെല്ലാം ഞങ്ങളെ പിന്തുണയ്ക്കാൻ ജനങ്ങൾ തയ്യാറായിട്ടുണ്ട്. കൂടാതെ ഇടത്-വലത് മുന്നണികൾക്ക് പ്രതീക്ഷിച്ച പോലെ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. തൂക്കുമന്ത്രിസഭ ഉണ്ടാവാനാണ് ഇത്തവണ സാധ്യത. തൂക്കു മന്ത്രിസഭ വന്നാൽ ആരെയും പിന്തുണയ്ക്കില്ല. മുന്നണികളെ ശിഥിലമാക്കുകയാണ് ലക്ഷ്യം- സുരേന്ദ്രൻ പറഞ്ഞു.

മന്ത്രി കെടി ജലീലിനെതിരേയും ഇപി ജയരാജനെതിരേയും കെ സുരേന്ദ്രൻ ആഞ്ഞടിച്ചു. മന്ത്രിയായ ഇപി ജയരാജന് ലഭിക്കാത്ത ആനുകൂല്യമാണ് കെടി ജലീലിന് കിട്ടുന്നതെന്നു സുരേന്ദ്രൻ ആരോപിച്ചു. ഇത് സിപിഎമ്മിനകത്ത് രാഷ്ട്രീയ പ്രശ്‌നമായി ഉയർന്നുകഴിഞ്ഞു. ജലീൽ ആണ് യുഎഇ കോൺസുലേറ്റുമായുള്ള സർക്കാരിന്റെ പാലമെന്നും സുരേന്ദ്രൻ പറഞ്ഞു. ജലീൽ നന്നായി അറബി സംസാരിക്കുമെന്നും യുഎഇ കോൺസുലേറ്റിൽ അദ്ദേഹത്തിന് വഴിവിട്ട ബന്ധങ്ങളുണ്ട്. അതുകൊണ്ടാണ് മുഖ്യമന്ത്രി ഇരട്ട്ത്താപ്പ് കാണിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Exit mobile version