ചതുപ്പില്‍ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത് ഇവരുടെ ധീരത: യൂസഫലിയെ വന്‍ ദുരന്തം ഒഴിവാക്കിയ പൈലറ്റുമാരെ അഭിനന്ദിച്ച് സോഷ്യല്‍ലോകം

കൊച്ചി: യന്ത്രത്തകരാര്‍ മൂലം പ്രമുഖ വ്യവസായി എംഎ യൂസഫലിയുടെ ഹെലികോപ്റ്റര്‍ ചതുപ്പുനിലത്തില്‍ ഇടിച്ചിറക്കി പൈലറ്റ് വന്‍ ദുരന്തമാണ് ഒഴിവാക്കിയത്. പൈലറ്റിന്റെ അസാമാന്യ മനസ്സാന്നിധ്യവും സാഹസിക നീക്കവുമാണ് ദുരന്തത്തെ വഴിമാറ്റിയത്.

കോട്ടയം കുമരകം സ്വദേശി 54 കാരനായ ക്യാപ്റ്റന്‍ അശോക് കുമാറായിരുന്നു ഹെലികോപ്റ്ററിലെ പൈലറ്റ്. ചിറക്കടവ് സ്വദേശി കെബി ശിവകുമാര്‍ കോ പൈലറ്റും. ഇരുവരുടെയും ധീരതയെ അനുമോദിക്കുകയാണ് സോഷ്യല്‍ലോകം.

ഇന്ത്യന്‍ നേവിയിലെ കമാന്‍ഡറായിരുന്ന അശോക് കുമാര്‍ 24 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് വിരമിച്ചത്. തുടര്‍ന്ന് ഒഎസ്എസ് എയര്‍ മാനേജ്മെന്റിന്റെ വിമാനങ്ങളുടെ പൈലറ്റായി. അവിടെ നിന്നാണ് ലുലു ഗ്രൂപ്പിന്റെ മുഖ്യ പൈലറ്റാവുന്നത്.

എയര്‍ഫോഴ്സിലായിരുന്ന ശിവകുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി, കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി അടക്കമുള്ളവരുടെ പൈലറ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിന്റെ റണ്ണിംഗ് എന്‍ജിന്‍ നിന്നതോടെ അഡിഷണല്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ നോക്കി. എന്നാല്‍ വിജയിക്കാതെ വന്നതോടെ അടിയന്തിരമായി ലാന്‍ഡ് ചെയ്യിപ്പിക്കുകയായിരുന്നുവെന്ന് ശിവകുമാര്‍ പറഞ്ഞതായി സഹോദരന്‍ ശശികുമാര്‍ പറഞ്ഞു.

നേരത്തെ ഇറ്റലിയില്‍ നിന്നും ഹെലികോപ്റ്റര്‍ യൂസഫലിക്ക് എത്തിച്ച് നല്‍കിയതും ശിവകുമാറായിരുന്നു. സൈനിക സേവനത്തില്‍ നിന്നും വിരമിച്ച ശേഷം ഡല്‍ഹി റെലിഗേര്‍ എന്ന ഫ്ലൈറ്റ് കമ്പനിയില്‍ ജോലി ചെയ്തു. അന്ന് വിഐപികളുടെ വിമാനങ്ങള്‍ പറത്തിയിരുന്നത് ശിവകുമാറായിരുന്നു. പിന്നീടാണ് യൂസഫലിയുടെ പൈലറ്റായി സേവനം ആരംഭിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. ജനവാസ കേന്ദ്രത്തിന് മുകളിലൂടെ പറക്കുമ്പോള്‍ ഹെലികോപ്ടറിന് തകരാര്‍ സംഭവിച്ചതോടെ എറണാകുളം പനങ്ങാട് ബൈപ്പാസിന് സമീപത്തെ ചതുപ്പിലേക്കാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്.

ചെലവന്നൂര്‍ കായലോരത്തെ വീട്ടില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ ദൂരത്തിലുള്ള സ്വന്തം ഉടമസ്ഥതയിലുള്ള ലേക്ക്‌ഷോര്‍ ആശുപത്രിയിലേക്കായിരുന്നു യൂസഫലിയുടെയും കുടുംബത്തിന്റെയും യാത്ര.

Exit mobile version