കുടുംബത്തിന്റെ ഏക ആശ്രയമായ യുവാവിനെ പിറന്നാൾ തലേന്ന് കവർന്നെടുത്ത് വിധി; അവയവദാനത്തിന് മുന്നിട്ടിറങ്ങി കുടുംബം; അഞ്ചുപേർക്ക് ജീവൻ നൽകി അക്‌സനോ യാത്രയായി

കൊല്ലം: റോഡപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച അക്‌സനോയുടെ നിർധന കുടുംബത്തിന്റെ സന്മനസ് രക്ഷിച്ചത് അഞ്ചു ജീവനുകളാണ്. അക്‌സനോയുടെ പിറന്നാൾ തലേന്നാണ് മരണം അപകടത്തിന്റെ രൂപത്തിലെത്തിയത്. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ അക്‌സനോ എന്ന 22 കാരന്റെ കുടുംബം അവയവദാനത്തിന് ഡോക്ടർമാരോട് അഭ്യർത്ഥിക്കുകയായിരുന്നു.

തുടർന്ന് മൃതസഞ്ജീവനിയുടെ സഹാത്തോടെ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് അക്‌സനോയുടെ അവയവങ്ങൾ ദാനം ചെയ്തു. വൃക്കകൾ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന രോഹിത്തിനും സുബീഷിനും രണ്ട് ഹൃദയവാൽവുകൾ ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ രോഗികൾക്കും കരൾ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രോഗിക്കും നൽകി.

ചൊവ്വാഴ്ച രാത്രിയാണ് ജോനകപ്പുറം മുസ്‌ലിം കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന അക്‌സനോ (22) കൊല്ലം കൊച്ചുകൊടുങ്ങല്ലൂർ ക്ഷേത്രത്തിനു സമീപത്തുവെച്ച് ബൈക്ക് അപകടത്തിൽപ്പെട്ടത്. തുണിക്കടയിൽ ജോലി ചെയ്യുന്ന സഹോദരി ജോസഫീനെ കൂട്ടിക്കൊണ്ടുവരാൻപോയ അക്‌സനോയുടെ ബൈക്കിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്.

ഈ സമംയം, അപകടവിവരം അറിയാതെ ഇതുവഴി നടന്നുവരികയായിരുന്ന ജോസഫിൻ അപകടസ്ഥലത്തെ ആൾക്കൂട്ടംകണ്ടു നോക്കിയപ്പോഴാണ് അപകടത്തിൽപ്പെട്ട അക്‌സനോയെ കാണുന്നത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

നില ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ബന്ധുക്കൾ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എംഎസ് ഷർമദിന്റെ സഹായം തേടി. കോവിഡ് കാലമായതിനാൽ തീവ്രപരിചരണവിഭാഗത്തിൽ കിടക്ക ഒഴിവില്ലായിരുന്നു. തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ അവസ്ഥ മനസ്സിലാക്കിയ ഡോ. ഷർമദ് അക്‌സനോയ്ക്ക് പ്രത്യേകം കിടക്ക തരപ്പെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെ ചികിത്സ ലഭ്യമാക്കി. പക്ഷെ, എല്ലാ പരിശ്രമവും വൃഥാവിലാക്കിക്കൊണ്ട് വെള്ളിയാഴ്ച വൈകുന്നേരത്തോടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു.

വിവരമറിഞ്ഞ അക്‌സനോയുടെ അമ്മ മേരിയും സഹോദരിമാരായ ജോസ്ഫിനും സിൻസിയും അക്‌സനോയുടെ അവയവങ്ങൾ ദാനം ചെയ്യാൻ അവസരമൊരുക്കണമെന്ന് ഡോക്ടറോട് അഭ്യർത്ഥിക്കുകയായിരുന്നു. ഉടൻ തന്നെ ഡോക്ടർ സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ സംസ്ഥാന നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസിനെ വിവരമറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പിന്നീട് ശസ്ത്രക്രിയകൾ പൂർത്തീകരിക്കുകയമായിരുന്നു. മെഡിക്കൽ കോളേജിലെ ട്രാൻസ്പ്‌ളാന്റ് പ്രൊക്യുവർമെന്റ് മാനേജർ ഡോ. അനിൽ സത്യദാസ്, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. ജയചന്ദ്രൻ, ട്രാൻസ്പ്‌ളാന്റ്് കോഓർഡിനേറ്റർമാരായ പിവി അനീഷ്, എസ്എൽ വിനോദ്കുമാർ എന്നിവരുടെ സഹായത്തോടെ ശനിയാഴ്ചയാണ് അവയവദാനപ്രക്രിയ പൂർത്തീകരിച്ചത്.

പിതാവ് ആന്റോയുടെ മരണത്തിനുശേഷം കുടുംബത്തിന്റെ ചുമതല ഏറ്റെടുത്ത അക്‌സനോ നിത്യവൃത്തിക്കായി കഠിനാധ്വാനം ചെയ്തുവരികയായിരുന്നു. ഇലക്ട്രീഷ്യനായും മത്സ്യത്തൊഴിലാളിയായും ജോലിചെയ്തു വരികയായിരുന്നു. മൂതാക്കരയിൽ വാടകവീട്ടിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്.

Exit mobile version