തെരഞ്ഞെടുപ്പ് ജനങ്ങൾ ഉത്സവമാക്കി മാറ്റി; പോളിങ് ശതമാനം ഉയരും; തുടർഭരണത്തിനുള്ള ജനതാൽപര്യമാണ് കാണുന്നത്: കടകംപള്ളി

kadakampally_

തിരുവനന്തപുരം:തുടർഭരണത്തിനു വേണ്ടിയുള്ള ജനതാൽപര്യമാണ് വ്യക്തമാകുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ. കഴക്കൂട്ടത്തെ ജനം ഇടതുപക്ഷത്തെ നേരത്തെ സ്വീകരിച്ചു. കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം കൂടുമെന്നും കടകംപള്ളി സുരേന്ദ്രൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇത്തവണ സംസ്ഥാനത്തെ പോളിങ് ശതമാനം ഉയരുമെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

ഈ തെരഞ്ഞെടുപ്പ് ജനങ്ങൾ ഉത്സവമാക്കി മാറ്റി. ജനങ്ങളുടെ പൾസ് മെയ് 2 ന് വ്യക്തമാകും. നേമത്ത് വി ശിവൻ കുട്ടി വിജയിക്കും. നേരത്തെ അവിടെ നടന്നത് ബിജെപി-യുഡിഎഫ് വോട്ട് കച്ചവടം ആയിരുന്നെന്നും കടകംപള്ളി വ്യക്തമാക്കി.

ഇതിനിടെ, കേരളത്തിൽ ഇടത് തരംഗമെന്ന് പ്രതികരിച്ച് ഇപി ജയരാജനും രംഗത്തെത്തി. എൽഡിഎഫ് നൂറിലധികം സീറ്റ് നേടുമെന്നും തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് ശിഥിലമാകുമെന്നും ഇ പി ജയരാജൻ പ്രതികരിച്ചു. വോട്ട് രേഖപ്പെടുത്താനെത്തിയതിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇപി ജയരാജൻ.

അതേസമയം, തൃശൂർ ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും എൽഡിഎഫിന് വിജയമുണ്ടാകുമെന്ന് കുന്ദംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എസി മൊയ്തീനും പറഞ്ഞു. ഇത്തവണ വടക്കാഞ്ചേരിയിൽ നിന്ന് ഇടതുപക്ഷം വിജയിക്കുമെന്നും എസി മൊയ്തീൻ പ്രതികരിച്ചു.

അനിൽ അക്കര വിവാദം ഉണ്ടാക്കിയാണ് പ്രചാരണം നടത്തുന്നത്. ഈ ജല്പനങ്ങൾ വിലപ്പോവില്ല. ഇത്തവണയും കഴിഞ്ഞ തവണയും കൃത്യസമയത്താണ് വോട്ട് ചെയ്തത്. അനാവശ്യ വിവാദങ്ങൾ ആണ് കഴിഞ്ഞ തവണ ഉണ്ടായതെന്നും എസി മൊയ്തീൻ പറഞ്ഞു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മികച്ച പോളിങാണ് രേഖപ്പെടുത്തുന്നത്. രാവിലെ മുതൽ തന്നെ പോളിങ് ബൂത്തിലേക്ക് ജനം കൂട്ടത്തോടെ എത്തിക്കൊണ്ടിരിക്കുകയാണ്. നൂറ്റി നാൽപ്പത് മണ്ഡലങ്ങളിലും മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിലും മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്. രാവിലെ മുതൽ പല ബൂത്തിന് മുന്നിലും കനത്ത ക്യൂ രൂപപ്പെട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് സമാനമായി തന്നെയാണ് ജനങ്ങളുടെ പങ്കാളിത്തം ഈ തെരഞ്ഞെടുപ്പിലും കാണാനാകുന്നത്.

Exit mobile version