എൽഡിഎഫിന്റെ ടീം ലീഡറാണ് പിണറായി; ആരും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് കാര്യമില്ല; ഭിന്നതയുണ്ടെന്ന് വരുത്തി മുതലെടുക്കാനാണ് വലതുപക്ഷ ശ്രമം; വിജയിക്കില്ല: പി ജയരാജൻ

കണ്ണൂർ: കഴിഞ്ഞദിവസത്തെ തന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ ചർച്ചയായതിന് പിന്നാലെ വിശദീകരണ കുറിപ്പുമായി പി ജയരാജൻ. സിപിഎമ്മിൽ ഭിന്നതയുണ്ടെന്ന് വരുത്താനായി വലതുപക്ഷം തന്റെ പോസ്റ്റ് ഉപയോഗിക്കുകയായിരുന്നെന്ന് പി ജയരാജൻ വിശദീകരിക്കുന്നു.

കമ്മ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ലെന്നും, ഈ പാർട്ടിയിൽ ‘എല്ലാവരും സഖാക്ക’ളാണ്. പാർട്ടിയാണ് ക്യാപ്റ്റൻ. അതു കൊണ്ട് വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയിൽ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ലെന്നും പറയുന്ന പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞദിവസം വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പി ജയരാജൻ താനെന്താണ് പറഞ്ഞതെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്.

പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഇന്നലത്തെ എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വലതുപക്ഷ മാധ്യമങ്ങൾ ദുരുദ്ദേശപരമായാണ് ചർച്ചയാക്കിയത്.അതുകൊണ്ടാണ് ഇത്തരമൊരു പോസ്റ്റ് ഇടേണ്ടി വന്നത്. എൽഡിഎഫ് ഒറ്റ മനസോടെയാണ് ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നത്. 140 മണ്ഡലങ്ങളിലും മികവുറ്റ സ്ഥാനാര്ഥികളെയാണ് അണിനിരത്തിയത്.
അതിന്റെ ടീം ലീഡറാണ് സ:പിണറായി.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചും ,നേരിട്ട പ്രതിസന്ധികളെല്ലാം ഇച്ഛാശക്തിയോടെ തരണം ചെയ്തും ഭരണത്തിന് നേതൃത്വം നൽകിയ പിണറായിക്കെതിരെ കേന്ദ്ര സർക്കാരും യുഡിഎഫും നടത്തിയ ഹീന നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞതാണ്.
സ്വാഭാവികമായും പിണറായിയോട് ജനങ്ങൾ ആദരവും സ്‌നേഹവായ്പും പ്രകടിപ്പിക്കും.ഇതിൽ ആരും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് കാര്യമില്ല.ഇന്നലത്തെ പ്രതികരണത്തിന്റെ അടിസ്ഥാനമിതാണ്. പാർട്ടി എന്നെ ഒതുക്കിയെന്നും,സ്ഥാനാർത്ഥിത്വം നൽകാത്തതിൽ ജനങ്ങളിൽ അതൃപ്തി ഉണ്ടെന്നും കെ സുധാകരൻ പ്രതികരിച്ചു കണ്ടു.കോൺഗ്രസ്സ് സ്ഥാനാർഥി പട്ടികയിൽ തനിക്കുള്ള നൈരാശ്യം സുധാകരൻ തന്നെ പരസ്യമാക്കിയതാണ്.അത് മറ്റുള്ളവരുടെ ചുമലിൽ കെട്ടിവെക്കണ്ടതില്ല.
സിപിഐഎം സ്ഥാനാർഥി പട്ടിക അംഗീകരിച്ചത് നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ചാണ്.എല്ലാ തീരുമാനങ്ങളിലും ഞാനും ഭാഗഭാക്കാണ്.അതനുസരിച്ച് എൽഡിഎഫിന്റെ ഭരണത്തുടർച്ചയ്ക്കായി ഞങ്ങൾ എല്ലാവരും പ്രവർത്തിക്കുകയാണ്.
പിണറായിയുടെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരും.
വലതുപക്ഷ മാധ്യമങ്ങളടക്കം നടത്തിയ എല്ലാ സർവ്വേ റിപ്പോർട്ടുകളിലും പിണറായിയുടെ നേതൃത്വത്തിൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രവചിച്ച സാഹചര്യത്തിൽ ഞങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്ന് വരുത്തി മുതലെടുപ്പ് നടത്താനാണ് വലതുപക്ഷ ശ്രമം.ഇത് വിജയിക്കില്ല.

പി ജയരാജന്റെ കഴിഞ്ഞദിവസത്തെ ഫേസ്ബുക്ക് പോസ്റ്റ്:

കമ്യൂണിസ്റ്റുകാർക്ക് ജനങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന ജനപ്രിയതയിൽ പലരും അസ്വസ്ഥരാണ്. ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയർത്തിപ്പിടിക്കുന്നവർ ഇടതുപക്ഷമാണ്.
ജനങ്ങളോട് ചേർന്നു നിൽക്കുമ്പോൾ ,അവർ സ്നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലർ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും.എന്നാൽ, കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല. സഖാവ് കോടിയേരി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാർട്ടിയിൽ ‘എല്ലാവരും സഖാക്ക’ളാണ്. പാർട്ടിയാണ് ക്യാപ്റ്റൻ. അതു കൊണ്ട് വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയിൽ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല. വ്യക്തികളല്ല, പാർട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്.

Exit mobile version