’10 തവണ വിജയിച്ച ഉമ്മൻചാണ്ടി ജീ… യുവാക്കൾക്കായി മാറി നിൽക്കണം’; എൻഡിഎ സ്ഥാനാർത്ഥിയെ അനുഗ്രഹിക്കണമെന്ന് രാജ്‌നാഥ് സിങ്; സദസിൽ കൂട്ടച്ചിരി

oommen-chandi

കോട്ടയം: 10 തവണ നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ച ഉമ്മൻചാണ്ടി മത്സരരംഗത്തുനിന്ന് മാറിനിന്ന് എൻഡിഎയുടെ യുവസ്ഥാനാർത്ഥിയെ അനുഗ്രഹിക്കണമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്. പുതുപ്പള്ളി മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർത്ഥി എൻ ഹരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുന്നതിനിടെയാണ് രാജ്‌നാഥ് ഈ ആവശ്യം ഉന്നയിച്ചത്.

എൻഡിഎ പ്രവർത്തകർ ഇക്കാര്യം കൈയ്യടിച്ച് വരവേൽക്കുകയും ചെയ്തു. ‘ഞാൻ ഏറെ ബഹുമാനിക്കുന്ന നേതാവാണ് ഉമ്മൻ ചാണ്ടി ജി. എനിക്ക് ഇഷ്ടമുള്ള മുതിർന്ന വ്യക്തിയുമാണ്. പക്ഷേ, ഇക്കുറി അദ്ദേഹം യുവാക്കൾക്കുവേണ്ടി മാറിനിൽക്കണം’- രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു.

ഉമ്മൻചാണ്ടിയുടെ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് സമീപത്തുവെച്ചു നടന്ന പൊതുയോഗത്തിലായിരുന്നു ഈ ആവശ്യം എന്നതും രസകരമായി. ഈ ഓഫീസിനുമുന്നിലൂടെ റോഡ് ഷോ കടന്നുപോകുന്നതിനിടെ രാജ്‌നാഥ് ഉമ്മൻചാണ്ടിയുടെ ഓഫീസിന് പുറത്ത് കൂടിനിന്ന കോൺഗ്രസ് പ്രവർത്തകരെ അഭിവാദ്യംചെയ്തു. പ്രവർത്തകരും തിരിച്ച് അദ്ദേഹത്തെ അഭിവാദ്യംചെയ്തു.

അതേസമയം, രാജ്‌നാഥ് സിങിന്റെ ആവശ്യത്തെ തമാശയുടെ രൂപത്തിൽ തന്നെ നേരിട്ട ഉമ്മൻചാണ്ടി രാജ്‌നാഥ് സിങ് അദ്ദേഹത്തിന്റെ പാർട്ടിയുടെ തീരുമാനം അനുസരിക്കുന്നതുപോലെ ഞാനും എന്റെ പാർട്ടി തീരുമാനം അനുസരിക്കുകയാണെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടി നിർദേശിച്ചത് അനുസരിച്ചാണ് ഞാൻ മത്സരിക്കുന്നത്. മത്സരിക്കണോ വേണ്ടയോയെന്ന് നിശ്ചയിക്കുന്നത് പാർട്ടിയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Exit mobile version