ബിജെപി വന്നാല്‍ ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക്: നിപ്പ, പ്രളയം തുടങ്ങി ദുരന്തമുഖത്തെല്ലാം സഹായിക്കാന്‍ മോഡി സര്‍ക്കാര്‍ ഓടിയെത്തി; ജെപി നദ്ദ

തൊടുപുഴ: കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ദേവസ്വം ബോര്‍ഡുകളുടെ കൈയ്യില്‍ നിന്നും ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് കൈമാറുമെന്ന് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. തൊടുപുഴയില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ എല്‍ഡിഎഫും യുഡിഎഫും വിശ്വാസികള്‍ക്കെതിരായ നിലപാട് എടുത്തു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് അഞ്ച് കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യയിലെ വിശ്വാസികളെയെല്ലം ഇടത് സര്‍ക്കാര്‍ വഞ്ചിച്ചു. വിശ്വാസം സംരക്ഷിക്കാന്‍ യുഡിഎഫുകാരെ ആരെയും തെരുവില്‍ കണ്ടില്ലെന്നും നദ്ദ പറഞ്ഞു.

പുതിയ കേരളം മോഡിക്കൊപ്പം നില്‍ക്കും. നിപ്പ, പ്രളയം എന്നിവ വന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ ജനത്തിനൊപ്പം നിന്നു. ശബരിമലയില്‍ അപകടമുണ്ടായപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ശബരിമലയില്‍ വന്നില്ല. പുറ്റിങ്ങല്‍ ദുരന്തമുണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍ നരേന്ദ്ര മോഡി കേരളത്തിലെത്തി. ഗള്‍ഫില്‍ മലയാളികള്‍ കുടുങ്ങിയപ്പോള്‍ സഹായിക്കാന്‍ മോഡി സര്‍ക്കാര്‍ ഓടിയെത്തി. ഫാദര്‍ ടോമിനെയും അലക്‌സിനെയും നഴ്‌സുമാരെയും കേരളത്തിലെത്തിച്ചത് ചില ഉദാഹരണങ്ങള്‍ മാത്രം.

സ്വച്ഛ് ഭാരത് മിഷനിലൂടെ 20 ലക്ഷം ശുചിമുറികള്‍ കേരളത്തില്‍ നിര്‍മ്മിച്ചു. കിസാന്‍ സമ്മാന്‍ നിധിയിലുടെ 37 ലക്ഷം രൂപ കേരളത്തിലെ കര്‍ഷകര്‍ക്ക് നല്‍കി. ജന്‍ ധന്‍ യോജന വഴി രണ്ട് ലക്ഷം രൂപ കേരളത്തിലെ സ്ത്രീകള്‍ക്ക് കൊവിഡ് കാലത്ത് നല്‍കി, പ്രതിമാസം 500 രൂപ വീതം. കൊച്ചി-മംഗലൂരു പ്രകൃതി വാതക പൈപ്പ് ലൈന് 3000 കോടി രൂപ നല്‍കി. സ്ഥലമേറ്റെടുപ്പ് ഇഴയുന്നത് നിമിത്തം കേരളത്തിലെ ദേശീയപാത വികസനം വൈകുന്നു. കേരളത്തില്‍ എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികളോട് ഗുഡ് ബൈ പറയേണ്ട സമയം എത്തി.

കേരളത്തില്‍ നടക്കുന്ന പല മോശം കാര്യങ്ങളും മാധ്യമങ്ങള്‍ പുറത്തറിയിക്കുന്നില്ല, ഡല്‍ഹിയില്‍ അറിയിക്കുന്നില്ല. എന്‍ഡിഎയുടെ കാര്യങ്ങളും മാധ്യമങ്ങള്‍ അറിയിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലാണ്. രണ്ട് മുന്നണികളും സൈദ്ധാന്തികമായി തകര്‍ന്നു. ബംഗാളില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഒന്നാണ്.

രാഹുല്‍ ഗാഡി കേരളത്തില്‍ സമയം കളയുന്നു. ബംഗാളിലെത്തി ഇടതിന് വോട്ട് ചോദിക്കട്ടേ. മുഖ്യമന്ത്രി കേരളത്തിലേക്ക് കേന്ദ്ര ഏജന്‍സികളെ വിളിച്ചു. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയപ്പോള്‍ എതിര്‍ക്കുന്നു. കേരളത്തില്‍ സ്ത്രീകള്‍, കുട്ടികള്‍, ദളിതര്‍ എന്നിവര്‍ക്ക് എതിരെ ആക്രമണങ്ങള്‍ കൂടി. സിപിഎം പാര്‍ട്ടി ഓഫീസില്‍ വെച്ചുവരെ അതിക്രമം നടന്നു. നിയമനങ്ങളില്‍ സ്വജനപക്ഷപാതം മാത്രമാണ്. മന്ത്രിമാര്‍ വരെ ഇടപെട്ടെന്ന് തെളിഞ്ഞിട്ടും അന്വേഷണമില്ല.

Exit mobile version