വാട്ട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയില്‍ നിന്നല്ല ഐഎഎസ് ഉദ്യോഗസ്ഥര്‍ പഠിക്കേണ്ടത്; എന്‍ പ്രശാന്തിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ കെഎസ്‌ഐഡിസി എംഡി എന്‍ പ്രശാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിന്റെ പ്രധാനപ്പെട്ട ആളുകള്‍ ചേര്‍ന്നാണ് സര്‍ക്കാരിനെതിരെ ഗൂഡാലോചന നടത്തിയത്. വാട്ട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയില്‍ നിന്നല്ല ഐഎഎസ് ഉദ്യോഗസ്ഥര്‍ പഠിക്കേണ്ടതെന്നും ഗൂഡാലോചനയുടെ ഭാഗമായി വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയച്ച് പലരെയും തെറ്റിദ്ധരിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരില്‍ കടലാസുകള്‍ നീങ്ങുക ഫയലുകളായിട്ടാണ്. ആ ഫയല്‍ ഒരാളുടെ അടുത്തും ഈ പറയുന്ന കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) അയച്ചിട്ടില്ല. ബന്ധപ്പെട്ട മന്ത്രിയോ സെക്രട്ടറിയോ ആരും ഒന്നു അറിയില്ല. വ്യക്തമായൊരു ഗൂഢലക്ഷ്യം ഇതിലുണ്ട്.

അതിന്റെ ഭാഗമായി ഒരുപാട് വാട്‌സാപ്പ് മെസേജുകള്‍ അയക്കുകയാണ് ചെയ്തത്. ആളുകളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഈ മെസേജുകള്‍. ഇങ്ങനെ മെസേജ് കിട്ടിയാല്‍ ചിലര്‍ ഓക്കെ എന്നു മെസേജ് അയക്കും. അതിനര്‍ത്ഥം മെസേജ് അംഗീകരിച്ചു എന്നല്ല മെസേജ് കണ്ടു എന്നു മാത്രമാണ്. ആ രീതിയില്‍ ചില പ്രതികരണം മാത്രമാണ് ഇക്കാര്യത്തില്‍ ഉണ്ടായത്.

ഇയാള്‍ എല്ലാരേയും അറിയിച്ചു എന്നു തെളിവുണ്ടാക്കാന്‍ വേണ്ടി ഇത്തരം മെസേജുകള്‍ അയച്ചതാണെന്ന് അദ്ദേഹം തന്നെ പുറത്തു പറയുകയാണ്. എത്ര വലിയ ഗൂഢാലോചനയാണ് അരങ്ങേറിയതെന്ന് നോക്കൂ – പ്രശാന്തിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version