‘മലയാളികള്‍ ഉയര്‍ന്ന സാക്ഷരതയുള്ളവരും ചിന്തിക്കുന്നവരും’; കേരളത്തില്‍ ബിജെപി വളരാത്തതിന്റെ കാരണം വ്യക്തമാക്കി ഒ രാജഗോപാല്‍

തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയ്ക്ക് വളര്‍ച്ച കൈവരിക്കാന്‍ സാധിക്കാത്തതിന് കാരണം ഉയര്‍ന്ന സാക്ഷരതയാണെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍.

സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഉയര്‍ന്ന സാക്ഷരതയുള്ളതിനാല്‍ അവര്‍ ചിന്തിക്കുകയും സംവദിക്കുകയും ചെയ്യുന്നുണ്ടെന്നും അതാണ് ബിജെപി പെട്ടെന്ന് വളരാത്തതെന്നും രാജഗോപാല്‍ പറഞ്ഞു. ഇന്ത്യന്‍ എക്‌സപ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് ബിജെപി വളരാത്തതിന് പിന്നില്‍ രണ്ടുമൂന്ന് കാരണങ്ങളുണ്ട്. കേരളം വ്യത്യസ്തമാണെന്നും അദ്ദേഹം പറയുന്നു. ‘കേരളത്തില്‍ 90 ശതമാനം സാക്ഷരതയുണ്ട്. ജനങ്ങള്‍ ചിന്തിക്കുന്നുണ്ട്, സംവാദം നടത്തുന്നുണ്ട്. ഇത് സാക്ഷരരായ ജനങ്ങളുടെ ലക്ഷണമാണ്. ഇതാണ് ഒരു പ്രശ്‌നം.

രണ്ടാമത്തെ പ്രശ്‌നം കേരളത്തില്‍ 55 ശതമാനം ഹിന്ദുക്കളും 45 ശതമാനം ന്യൂനപക്ഷങ്ങളുമാണ് ഉള്ളതെന്നതാണ്. അതുകൊണ്ട് എല്ലാ കണക്കുകൂട്ടലുകളിലും ഈ ഘടകങ്ങള്‍ കയറിവരും.’ –

‘ഈ കാരണങ്ങള്‍ കൊണ്ടാണ് മറ്റൊരു സംസ്ഥാനവുമായും കേരളത്തെ താരതമ്യം ചെയ്യാന്‍ സാധിക്കാത്തത്. ഇവിടെ സ്ഥിതി വ്യത്യസ്തമാണ്.’ അദ്ദേഹം പറഞ്ഞു. എന്നാല്‍ സാവധാനത്തിലാണെങ്കിലും കേരളത്തില്‍ ബിജെപി വളര്‍ച്ച കൈവരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയപരമായ കാരണങ്ങള്‍ കൊണ്ടല്ല പിണറായിയെ പുകഴ്ത്തിയത്. ആരെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്താല്‍ അതിനെ സത്യസന്ധമായി അഭിന്ദിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരനാകാന്‍ നുണ പറയണമെന്നില്ല, സത്യം പറയണം. വിഎസ് അച്യുതാനന്ദനെക്കുറിച്ച് എനിക്ക് ഈ അഭിപ്രായമില്ല. ഓരോ മനുഷ്യര്‍ക്കും ചില ഗുണങ്ങളുണ്ട്. പിണറായി വിജയന് കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട്. അദ്ദേഹം വിവേകമതിയാണ്. അദ്ദേഹത്തിന് ചില ഗുണങ്ങളുണ്ടെന്നത് നിഷേധിക്കാന്‍ കഴിയില്ല.’ -പിണറായിയെ പുകഴ്ത്തിയതു സംബന്ധിച്ച ചോദ്യത്തിന് രാജഗോപാല്‍ മറുപടി നല്‍കി.

പിണറായി വിജയന്‍ ഒരു ചെത്തുകാരന്റെ മകനാണ്. വളരെ പാവപ്പെട്ട സാഹചര്യത്തില്‍ നിന്ന് വന്നയാളാണ്. ഇപ്പോള്‍ ഈ സ്ഥാനത്ത് അദ്ദേഹം എത്താന്‍ കാരണം അദ്ദേഹത്തിന്റെ ചില ഗുണങ്ങളാണ്. നമ്മള്‍ ആ സത്യം അംഗീകരിക്കണം. ഇക്കാര്യത്തില്‍ മനഃപൂര്‍വം നുണ പറയാന്‍ കഴിയില്ല.’- രാജഗോപാല്‍ പറഞ്ഞു.

എല്ലാവരുമായും സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ് താനെന്നും അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായിരുന്നപ്പോള്‍ പോലും കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളുമായും മികച്ച ബന്ധം സൂക്ഷിച്ചിരുന്നുവെന്നും രാജഗോപാല്‍ പറഞ്ഞു.

സംസ്ഥാനത്ത് എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച നേടുന്ന ലക്ഷണമാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് താഴേയ്ക്ക് പോയ്‌ക്കൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസിന്റെ കാലം അവസാനിച്ചെന്നും രാജഗോപാല്‍ പറഞ്ഞു.

Exit mobile version