ഗുരുവായൂർ, തലശ്ശേരി മണ്ഡലങ്ങളിലെ പത്രികകൾ തള്ളിയതിന് എതിരെ എൻഡിഎ സ്ഥാനാർത്ഥികൾ ഹൈക്കോടതിയിൽ; ഉച്ചയ്ക്ക് വാദം

niveditha and haridas

കൊച്ചി: എൻഡിഎ സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർദേശ പത്രികകൾ തള്ളിയതിന് എതിരെ ഗുരുവായൂർ, തലശ്ശേരി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ ഹൈക്കോടതിയിൽ. മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ സമർപ്പിച്ച ഹർജി ഇന്ന് ഉച്ചക്ക് രണ്ടിന് നടക്കുന്ന പ്രത്യേക സിറ്റിങ്ങിൽ പരിഗണിക്കും. മഹിള മോർച്ച സംസ്ഥാന പ്രസിഡന്റും ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി അംഗവുമായ അഡ്വ. നിവേദിതയുടെയും ബിജെപി കണ്ണൂർ ജില്ല പ്രസിഡന്റ് എൻ ഹരിദാസിൻറെയും പത്രികകളാണ് സൂക്ഷ്മ പരിശോധനാവേളയിൽ വരാണാധികാരി തള്ളിയത്.

ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പില്ലാത്ത സത്യവാങ്മൂലം സമർപ്പിച്ചതാണ് നിവേദിതയുടെ പത്രിക തള്ളിപോയതിന് പിന്നിൽ. ഡമ്മി ഇല്ലാത്തതിനാൽ ഗുരുവായൂർ മണ്ഡലത്തിൽ എൻഡിഎയ്ക്ക് ഇതോടെ സ്ഥാനാർത്ഥി ഇല്ലാതായി. 2016ലും നിവേദിതയായിരുന്നു ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി. അന്ന് 25,490 വോട്ടുകൾ ലഭിച്ചിരുന്നു. അതിവേഗത്തിൽ ബിജെപിക്ക് വോട്ട് വർധിക്കുന്ന മണ്ഡലത്തിൽ പാർട്ടിക്ക് വലിയ പ്രതീക്ഷയാണുണ്ടായിരുന്നത്. ബിജെപി എംപി സുരേഷ് ഗോപി മത്സരിക്കാൻ താൽപര്യം കാണിച്ച മണ്ഡലം കൂടിയായിരുന്നു ഗുരുവായൂർ. ഈ തെരഞ്ഞെടുപ്പിൽ നിർണായകമായേക്കുമെന്ന് ബിജെപി വിലയിരുത്തിയ മണ്ഡലത്തിനെ പത്രിക എന്നാൽ തള്ളിപ്പോവുകയായിരുന്നു.

തലശ്ശേരിയിലും സ്ഥിതി വ്യത്യസ്തമല്ല. കണ്ണൂർ ജില്ലയിൽ ബിജെപിക്ക് ഏറ്റവുമധികം വോട്ടുള്ള മണ്ഡലമാണ് തലശ്ശേരി. ഇവിടെ ബിജെപി ജില്ല പ്രസിഡന്റ് എൻ ഹരിദാസിന്റെ പത്രികയാണ് തള്ളിയത്. ഡമ്മി സ്ഥാനാർത്ഥിയുടേയും പത്രിക തള്ളിയതോടെ ഇവിടേയും ബിജെപിക്ക് സ്ഥാനാർത്ഥിയില്ലാതായി.

ചിഹ്നം അനുവദിക്കാൻ സംസ്ഥാന അധ്യക്ഷനെ ചുമതലപ്പെടുത്തി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ നൽകുന്ന ഫോറം ‘എ’ യിൽ നഡ്ഡയുടെ ഒപ്പിന്റെ സ്ഥാനത്ത് സീൽ പതിച്ചതാണ് പത്രിക തള്ളാൻ കാരണം. ഹരിദാസ് പത്രിക സമർപ്പിച്ചപ്പോൾ ഒപ്പില്ലെന്നു വരണാധികാരി അറിയിച്ചിരുന്നു. ഉടൻ ഫാക്‌സ് വഴി പ്രസിഡന്റ് ഒപ്പിട്ട ഫോറം ‘എ’ ഹാജരാക്കിയെങ്കിലും സ്വീകരിക്കപ്പെട്ടില്ല. ഡമ്മിയായി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് പത്രിക നൽകിയിരുന്നെങ്കിലും ഫോറം ‘എ’ രണ്ടു പേർക്കും ഒന്നായതിനാൽ ഈ പത്രികയും തള്ളിയിരുന്നു.

കേന്ദ്രമന്ത്രി അമിത് ഷാ മാർച്ച് 25ന് തലശ്ശേരിയിൽ പ്രചാരണത്തിന് എത്താനിരിക്കെയാണ് പാർട്ടിക്ക് വലിയ തലവേദനനായി പത്രിക തള്ളിയിരിക്കുന്നത്. അതേസമയം, ബിജെപി യുഡിഎഫിനായി ഒത്തുകളിച്ചതാണെന്ന ആരോപണവും ഉയരുന്നുണ്ട്.

Exit mobile version