‘രാഷ്ട്രീയത്തിലേക്കില്ല, എംഎൽഎയാകില്ല എന്നൊക്കെ പറഞ്ഞത് അപ്പോഴത്തെ സാഹചര്യം; നിഷ്പക്ഷനാണെന്ന് പറഞ്ഞത് ഫണ്ട് വരവ് കുറയുമ്പോൾ’: ഫിറോസ് കുന്നംപറമ്പിൽ

firos-kunnamparambil

മലപ്പുറം: താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്ന് ഫേസ്ബുക്ക് ലൈവിൽ വന്ന് പലതവണ പറഞ്ഞത് വെറുതെയായിരുന്നു എന്ന് തുറന്നുപറഞ്ഞ് തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ. താൻ നിഷ്പക്ഷനാണെന്ന് പറഞ്ഞിരുന്നത് ഫണ്ട് കുറയുന്ന സമയത്താണെന്നും ഫിറോസ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ചാരിറ്റി നിർത്തില്ലെന്നും വരുംകാലത്ത് ഓൺലൈൻ ചാരിറ്റി പരിപാടികൾ ഇല്ലാതായാലോ എന്നുകരുതിയാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്നും അദ്ദേഹം വിശദീകരിച്ചു. ലീഗുകാരനാണെന്ന് പറഞ്ഞപ്പോൾ സൈബർ അക്രമങ്ങൾ നേരിടേണ്ടി വന്നു. ഇത് ചാരിറ്റി പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ഘട്ടത്തിലാണ് ഫേസ്ബുക്ക് ലൈവിൽ വന്ന് തനിക്ക് രാഷ്ട്രീയമില്ലെന്ന് പറയേണ്ടി വന്നതെന്നും ഫിറോസ് പറയുന്നു.

‘ഞാനൊരു ലീഗുകാരനാണെന്ന് മുമ്പ് പറഞ്ഞതിന്റെ പേരിൽ തുടർച്ചയായ സൈബർ ആക്രമണങ്ങളുണ്ടായി. എന്നെ അക്രമിക്കുന്നവരുടെ ലക്ഷ്യം ഫിറോസ് കുന്നംപറമ്പിൽ ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കണം എന്നാണ്. ഫണ്ടുകൾ വരരുത്, രോഗികൾ ബുദ്ധിമുട്ടണം എന്ന ചിന്താഗതിക്കാരാണ് അക്രമത്തിന് പിന്നിൽ. ഈ ഘട്ടത്തിൽ ഞാൻ രാഷ്ട്രീയത്തിലേക്കില്ല, നിഷ്പക്ഷനായി നിൽക്കുന്ന ആളാണെന്നൊക്കെ ഫേസ്ബുക്കിലൂടെ വന്നു പറയും. പാവപ്പെട്ട രോഗികളെ സംരക്ഷിക്കാൻ വേണ്ടിയാണ് അങ്ങനെ പറഞ്ഞത്. എന്തുപറഞ്ഞാലും ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കാൻ പോവുന്നില്ല’, ഫിറോസിന്റെ വിശദീകരണം ഇങ്ങനെ.

‘സോഷ്യൽമീഡിയയിലെ ചാരിറ്റി പ്രവർത്തനം എത്രകാലം തുടരാൻ കഴിയുമെന്ന് പറയാൻ കഴിയില്ല. ഫേസ്ബുക്കോ സർക്കാരോ ഇത്തരം അക്കൗണ്ടുകൾ വേണ്ടെന്ന് വച്ചാൽ ചാരിറ്റി പ്രവർത്തനങ്ങൾ അവസാനിക്കും. അതിന് പരിഹാരം കാണുന്നതിന്റെ ഭാഗമായിട്ടാണ് നിയമസഭയിലേക്ക് മത്സരിക്കാൻ തീരുമാനിച്ചത്.’-ഫിറോസ് പറയുന്നു.

എംഎൽഎ ആകാനോ എംപി ആകാനോ ഉദ്ദേശിക്കുന്നില്ലെന്ന് മുമ്പ് പറഞ്ഞതോ എന്ന ചോദ്യത്തിന് അതെല്ലാം ഓരോ സാഹചര്യങ്ങളായിരുന്നു. അന്ന് പറഞ്ഞ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും ഫിറോസ് വാദിച്ചു.

Exit mobile version