സ്ഥാനാര്‍ത്ഥിപ്പട്ടിക വന്നതോടെ പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായി; കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റെന്ന സ്ഥാനത്ത് തുടരുന്നത് മനസോടെയല്ല; നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് സുധാകരന്‍

കണ്ണൂര്‍: കോണ്‍ഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് കെ സുധാകരന്‍ എംപി. സ്ഥാനാര്‍ത്ഥിപ്പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്ന് കെ സുധാകരന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥിപ്പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായി. ഹൈക്കമാന്‍ഡിനെ കേരളത്തിലെ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചു.സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വേണുഗോപാലും അടങ്ങുന്ന സമിതി ഇഷ്ടക്കാരെ തിരുകി കയറ്റി. ഹൈക്കമാന്‍ഡിന്റെ പേരില്‍ കെസി വേണുഗോപാലും ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്‍കി. ഹൈക്കമാന്‍ഡിന്റെ പേരിലുള്ള തിരുകിക്കയറ്റല്‍ പതിവുള്ളതായിരുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തികള്‍ അത്ര മോശമായിരുന്നു. ജയസാധ്യത നോക്കാതെയാണ് പലര്‍ക്കും അവസരം നല്‍കിയത്’. തങ്ങളുടെ അഭിപ്രായങ്ങളെ പരിഗണിച്ചതേയില്ലെന്നും കെ.സുധാകരന്‍ ആരോപിച്ചു. ‘ഇരിക്കൂരില്‍ ധാരണകള്‍ ലംഘിക്കപ്പെട്ടുവെന്നും സുധാകരന്‍ പറഞ്ഞു. ഇരിക്കൂറുകാര്‍ക്ക് ഇനി നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല’. മട്ടന്നൂര്‍ സീറ്റ് ആര്‍എസ്പിക്ക് കൊടുത്തത് കണ്ണൂരിലെ നേതാക്കളോട് ആലോചിക്കാതെയാണ്. ഇത് ജില്ലയില്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ ഇടയാക്കുമെന്നും സുധാകരന്‍ പറഞ്ഞു.

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റെന്ന സ്ഥാനത്ത് താന്‍ തുടരുന്നത് മനസോടെയല്ലെന്നും സുധാകരന്‍ തുറന്നടിച്ചു. സ്ഥാനം ഒഴിയാന്‍ പല തവണ ആലോചിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മുറിവേല്‍ക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് രാജിവെക്കാത്തത്. ആലങ്കാരിക പദവികള്‍ തനിക്ക് ആവശ്യമില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version