ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാവും: കോണ്‍ഗ്രസ് സീറ്റ് തന്നാലും വേണ്ട; അനുനയനീക്കം താമസിച്ചുപോയെന്ന് ലതിക

കോട്ടയം: സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തലമൊട്ടയടിച്ച് രാജിവെച്ച മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും.

അതേസമയം, കോണ്‍ഗ്രസുമായി അനുനയ ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്ന് ലതിക സുഭാഷ് വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം രാജിവെക്കുമെന്നും ലതിക സുഭാഷ് അറിയിച്ചു.

ലതിക സുഭാഷിനെ അനുനയിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കള്‍ അവരുടെ വീട്ടിലെത്തിയിരുന്നു. ഏറ്റുമാനൂര്‍ സ്ഥാനാര്‍ഥിയായ പ്രിന്‍സ് ലൂക്കോസ്, മോന്‍സ് ജോസഫ് തുടങ്ങിയവരാണ് ലതികയെ വീട്ടിലെത്തി കണ്ടത്. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തരുതെന്ന് ലതികയോട് പ്രിന്‍സ് അഭ്യര്‍ഥിച്ചു.

എന്നാല്‍, താമസിച്ചുപോയെന്നും ക്ഷമിക്കണമെന്നുമായിരുന്നു ലതികയുടെ പ്രതികരണം. കോണ്‍ഗ്രസുമായി അനുനയ നീക്കം ഇനിയില്ലെന്നും ലതിക വ്യക്തമാക്കി.

താനൊരു രാഷ്ട്രീയക്കാര്‍ക്കും അപ്രാപ്യയല്ല. ഒരുപാട് കടബാധ്യതയുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരാണ് എല്ലാം. നേതാക്കളെക്കാളും പിന്തുണയേകുന്നവരാണ് അവര്‍.
ഭാവി പരിപാടി സംബന്ധിച്ച് നിര്‍ണായക തീരുമാനം ഇന്ന് എടുക്കുമെന്ന് ലതികയുമായി അടുത്ത ബന്ധമുള്ളവര്‍ പറഞ്ഞു.

ഇനി കോണ്‍ഗ്രസ് പാര്‍ട്ടി സീറ്റ് തന്നാല്‍ ഇത്തവണ മത്സരിക്കില്ലെന്ന് നിശ്ചയിച്ചിട്ടുണ്ടെന്ന് ലതിക പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ തലേന്ന് രാത്രിയിലും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ താന്‍ വിളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ പോലുമെടുത്തില്ല. ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും സീറ്റ് വേണമെന്ന് അറിയിച്ചിരുന്നു. അവരും പരിഗണിച്ചില്ല.

16 വയസുമുതല്‍ ഈ പാര്‍ട്ടിയോടൊപ്പമുണ്ട്. പ്രവര്‍ത്തകര്‍ക്കാണ് പാര്‍ട്ടി സീറ്റ് കൊടുക്കേണ്ടത്. ഏറ്റുമാനൂര്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചു. ഏറ്റുമാനൂര്‍ ഇല്ലെങ്കിലും വൈപ്പിനില്‍ മത്സരിക്കാന്‍ തയ്യാറായിരുന്നു, എന്നാല്‍ അത് നടന്നില്ലെന്ന് ലതിക പറഞ്ഞു.

Exit mobile version