കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ മലപ്പുറത്തിന് വേണ്ട’: ഫിറോസ് കുന്നംപറമ്പില്‍ മത്സരിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

മലപ്പുറം: തവനൂരില്‍ ഫിറോസ് കുന്നംപറമ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രവര്‍ത്തകര്‍ മലപ്പുറം ഡിസിസി ഓഫീസിന് മുമ്പില്‍ പ്രതിഷേധിച്ചു. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ മലപ്പുറത്തിന് വേണ്ട, കുന്നംപറമ്പില്‍ വേണ്ടേ വേണ്ട എന്നിങ്ങനെയായിരുന്നു പ്രവര്‍ത്തകരുടെ മുദ്രാവാക്യം.

തവനൂര്‍ മണ്ഡലത്തിലാണ് ഫിറോസ് കുന്നുംപറമ്പില്‍ മത്സരിക്കുമെന്ന് ഏകദേശ ധാരണയായിരിക്കുന്നത്. ഫിറോസ് തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നോട് സംസാരിച്ചിരുന്നുവെന്നും ഫിറോസ് കുന്നുംപറമ്പില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

‘മലപ്പുറം ജില്ലയില്‍ കഴിവുള്ള ഒരുപാട് നേതാക്കളുണ്ട്. ജില്ലയ്ക്ക് പുറത്തുള്ള ഒരാളെ മലപ്പുറത്തേക്ക് കെട്ടിയിറക്കേണ്ട ആവശ്യമില്ല. അതില്‍ ശക്തമായ പ്രതിഷേധമുണ്ട്. പ്രതിഷേധം പാര്‍ട്ടിക്കെതിരെയല്ല. ജില്ലയ്ക്ക് പുറത്തു നിന്നുള്ള സ്വതന്ത്രരെ കൊണ്ടുവരേണ്ട ആവശ്യമില്ല.

നേരത്തെ ഫിറോസിനെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പ്രമേയം അവതരിപ്പിച്ചിരുന്നു. സ്ഥാനാര്‍ത്ഥികളെ നൂലില്‍ കെട്ടിയിറക്കുന്നത് വിജയ സാധ്യതയെ ബാധിക്കുമെന്ന് പ്രമേയത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രാപ്തരായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അവഗണിക്കരുതെന്നും പ്രമേയം ആവശ്യപ്പെട്ടു.

കൈപ്പത്തി ചിഹ്നത്തില്‍ തന്നെ ഫിറോസിനെ കെടി ജലീലിനെതിരെ കളത്തിലിറക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. മുസ്ലിംലീഗിന്റെ കൂടി താത്പര്യം പരിഗണിച്ചാണ് ഫിറോസ് സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചത്.

കഴിഞ്ഞ രണ്ട് തവണ കെടി ജലീല്‍ ജയിച്ച മണ്ഡലമാണ് തവനൂര്‍. 2011 ല്‍ 6854 ഉം 2016-ല്‍ 17064 ആയിരുന്നു ഭൂരിപക്ഷം.

Exit mobile version