നിലമ്പൂരുകാര്‍ ഒപ്പമുണ്ട്: പീഡനങ്ങള്‍ കാരണമാണ് ആഫ്രിക്കയിലേക്ക് പോയത്; പിവി അന്‍വര്‍

നിലമ്പൂര്‍: കക്കാടംപൊയിലെ തടയണയ്ക്കെതിരെ നടന്ന വിമര്‍ശനങ്ങളും തനിക്കെതിരെ നടന്ന പീഡനങ്ങളും കാരണമാണ് താന്‍ ആഫ്രിക്കയിലേക്ക് പോയതെന്ന് പിവി അന്‍വര്‍ എംഎല്‍എ.

യാത്രയെ പറ്റി മുഖ്യമന്ത്രിക്ക് അറിയില്ലായിരുന്നുവെന്നും പിവി അന്‍വര്‍ പറഞ്ഞു.
അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് വിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ അസൗകര്യം ബോധ്യപ്പെടുത്തി വിപ്പിന് മറുപടി നല്‍കിയെന്നും പിവി അന്‍വര്‍ പറഞ്ഞു.

‘ആഫ്രിക്കയിലെ സിയാറാ ലിയോണില്‍ ഞാന്‍ 25 തടയണ കെട്ടിയിട്ടാണ് വരുന്നത്. അഞ്ച് തടയണ കൂടി കെട്ടാനിരിക്കുകയാണ്. അവിടെ മനുഷ്യന്‍ പട്ടിണി കിടക്കരുത് എന്നാണ് നയം. ഇവിടെ മനുഷ്യന്‍ പട്ടിണി കിടന്നാലും കുരങ്ങ് ജീവിച്ചാല്‍ മതിയെന്നാണ്.’- പിവി അന്‍വര്‍ പറഞ്ഞു.

ആഫ്രിക്കയിലെ 25,000 കോടി രൂപയുടെ തന്റെ പദ്ധതി വലിയ നിലയിലേക്ക് മാറുമെന്നും ആറായിരം മലയാളികള്‍ക്ക് അവിടെ തൊഴില്‍ നല്‍കും. 6660 കോടി രൂപയാണ് തന്റെ ഇന്‍വെസ്റ്റ്മെന്റ്. എന്നാല്‍ ഈ 6660 കോടി രൂപ ഇപ്പോള്‍ നല്‍കേണ്ടതില്ല. ലാഭ വിഹിതത്തില്‍ നിന്ന് വര്‍ഷങ്ങള്‍ കൊണ്ട് തിരിച്ചടച്ചാല്‍ മതിയെന്ന് പിവി അന്‍വര്‍ പറയുന്നു.

നിലമ്പൂരിലെ ജനങ്ങള്‍ തന്റെയൊപ്പം ആണെന്നും അവരെ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നുവെന്നും പിവി അന്‍വര്‍ പറയുന്നു. തെരഞ്ഞെടുപ്പിന് ശേഷം തന്നെ ദ്രോഹിച്ചവര്‍ക്കായി തിരുവനന്തപുരത്ത് ചായ സല്‍ക്കാരം നടത്തുമെന്നും പിവി അന്‍വര്‍ പറഞ്ഞു.

Exit mobile version