ഹര്‍ത്താലില്‍ വലഞ്ഞവര്‍ക്ക് കൈത്താങ്ങായി ഡിവൈഎഫ്‌ഐ; ബുദ്ധിമുട്ടനുഭവിക്കുന്ന അയ്യപ്പഭക്തര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭക്ഷണവും സഹായവും എത്തിക്കുന്നു

അപ്രതീക്ഷിതമായി ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വലഞ്ഞവര്‍ക്ക് സഹായമെത്തിച്ച് ഡിവൈഎഫ്‌ഐ

കൊച്ചി: അപ്രതീക്ഷിതമായി ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വലഞ്ഞവര്‍ക്ക് സഹായമെത്തിച്ച് ഡിവൈഎഫ്‌ഐ. ഹര്‍ത്താലില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന അയ്യപ്പഭക്തര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡിവൈഎഫ്‌ഐ ഭക്ഷണവും സഹായവും നല്‍കും. അപ്രതീക്ഷിത ഹര്‍ത്താലില്‍ സാധാരണക്കാരും അയ്യപ്പഭക്തന്‍മാരും ഉള്‍പ്പടെ വലിയ ദുരിതമാണ് അനുഭവിക്കുന്നത്.

വിവിധ ജില്ലകളില്‍ അന്യ സംസ്ഥാനത്തു നിന്ന് വന്നവരുള്‍പ്പെടെയുള്ള അയ്യപ്പഭക്തര്‍ വലഞ്ഞിരിക്കുകയാണ്..ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണവും ദാഹജലവും നല്‍കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍.

ബുദ്ധിമുട്ടു നേരിടുന്നവര്‍ക്ക് സഹായം നല്‍കാന്‍ ബന്ധപ്പെട്ട ഡിവൈഎഫ്‌ഐ ഘടകങ്ങള്‍ തയ്യാറാകണമെന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

ഇതിനിടെ, ഹര്‍ത്താലില്‍ ചെങ്ങന്നൂരില്‍ ഒന്നരമണിക്കൂറിലേറെയാണ് ശബരിമല തീര്‍ത്ഥാടര്‍ കുടുങ്ങിക്കിടക്കുകയാണ്. കെഎസ്ആര്‍ടിസി ചെങ്ങന്നൂരില്‍ നിന്ന് പമ്പയിലേക്കുള്ള സര്‍വീസുകള്‍ നടത്തുന്നില്ല. ബസുകള്‍ പമ്പയില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം. സംസ്ഥാനത്ത് പലയിടത്തും ഹര്‍ത്താലിന്റെ മറവില്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. പാലക്കാട് നിര്‍ത്തിയിട്ടിരുന്ന ബസുകളുടെ ചില്ലുകള്‍ എറിഞ്ഞുപൊട്ടിച്ചു. ജനദ്രോഹ ഹര്‍ത്താലിനെതിരെ ജനരോഷം പുകയുകയാണ്.

Exit mobile version