കേരളം ട്വന്റി ട്വിന്റി മാതൃകയാക്കണമെന്ന് നടന്‍ ശ്രീനിവാസന്‍; പാര്‍ട്ടി സജീവമായാല്‍ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് താരം

കൊച്ചി: ട്വിന്റി ട്വിന്റിക്ക് വീണ്ടും പരസ്യ പിന്തുണ പ്രഖ്യാപിച്ച് നടന്‍ ശ്രീനിവാസന്‍. കേരളം ട്വിന്റി ട്വന്റി മോഡല്‍ മാതൃകയാക്കണമെന്നും കേരളമാകെ സജീവമായാല്‍ താന്‍ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വരുന്ന തെരഞ്ഞെടുപ്പില്‍ ശ്രീനിവാസന്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയാകുമെന്ന് മുന്‍പ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ വാര്‍ത്ത നിഷേധിച്ചുകൊണ്ടായിരുന്നു താരം പിന്തുണയും പ്രഖ്യാപിച്ചത്.

ശ്രീനിവാസന്റെ വാക്കുകള്‍;

ഇപ്പോള്‍ ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല, ഇന്ന് നടക്കുന്ന ട്വന്റി ട്വന്റി സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പങ്കെടുക്കും. ജേക്കബ് തോമസും ഇ ശ്രീധരനും ട്വന്റി ട്വന്റയില്‍ എത്തിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുണ്ട്. ട്വന്റി ട്വന്റി ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ എറണാകുളം ജില്ലയില്‍ മത്സരിക്കുകയാണ്. അതില്‍ വിജയിക്കുകയാണെങ്കില്‍ അവര്‍ കേരളത്തില്‍ ആകെ സജീവമാകുമെന്നാണ് വിചാരിക്കുന്നത്. ആ ഘട്ടത്തില്‍ താന്‍ ട്വന്റി ട്വന്റിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും.

സിനിമാ താരങ്ങള്‍ ശരിയായ വഴിയിലെത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. താരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവേശിക്കുന്നത് അവര്‍ക്ക് പാര്‍ട്ടികളെക്കുറിച്ച് വേണ്ട തിരിച്ചറിവില്ലാത്തതിനാലാണെന്നും അവര്‍ക്കെല്ലാം നല്ല ബുദ്ധി തോന്നിക്കോളും.

Exit mobile version