രാജ്യസഭാ സീറ്റ് നഷ്ടപ്പെടുത്തണോ? വി മുരളീധരന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ബിജെപിയ്ക്കുള്ളില്‍ ഭിന്നത

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ബിജെപിയ്ക്കുള്ളില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ പുരോഗമിക്കവെ ഒരു വിഭാഗം നേതാക്കള്‍ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ട്.

മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ മുരളീധരന്‍ മത്സരിക്കട്ടെയെന്ന് നേതാക്കളില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോള്‍, അതിന്റെ ആവശ്യമില്ലെന്ന നിലപാടാണ് മറ്റുള്ളവര്‍ക്കെന്നാണു മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് മുരളീധരന്‍. ഇപ്പോഴത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ മഹാരാഷ്ട്രയില്‍ നിന്നുളള ഒരു രാജ്യസഭാ സീറ്റ് ഇല്ലാതാക്കേണ്ടെന്നാണ് മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കുന്നവര്‍ മുന്നോട്ടുവെക്കുന്നത്.

മത്സരിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അതു നടക്കട്ടെ, ഫലം വന്നശേഷം മറ്റുകാര്യങ്ങള്‍ ആലോചിക്കാമെന്നാണ് ആര്‍എസ്എസ്, ബിജെപി നേതാക്കളില്‍ മറ്റു ചിലരുടെ സമീപനമെങ്കിലും പാര്‍ട്ടി കേന്ദ്രനേതൃത്വം അന്തിമ തീരുമാനമെടുക്കട്ടെ എന്നും അവര്‍ വ്യക്തമാക്കുന്നു. പാര്‍ട്ടി ദേശീയ പ്രസിഡന്റും അമിത് ഷായും വിഷയത്തില്‍ നിലപാട് പറഞ്ഞിട്ടില്ല.

മത്സരത്തിനുണ്ടെങ്കില്‍ കഴിഞ്ഞ തവണത്തെ മണ്ഡലമായ കഴക്കൂട്ടത്തുതന്നെയായിരിക്കും മുരളീധരന്‍ സ്ഥാനാര്‍ഥിയാവുക. കഴക്കൂട്ടത്ത് നിന്നു 2016ല്‍ നിയമസഭയിലേക്കും 2009ല്‍ കോഴിക്കോട്ടുനിന്ന് ലോക്സഭയിലേക്കുമാണ് ഇതിന് മുന്‍പ് അദ്ദേഹം മത്സരിച്ചിട്ടുള്ളത്.

Exit mobile version