പള്ളിമൺ ആറിൽ മുങ്ങി ദേവനന്ദ പൊലിഞ്ഞിട്ട് ഒരാണ്ട്; എങ്ങുമെത്താതെ അന്വേഷണം; ദുരൂഹത അവസാനിപ്പിക്കണമെന്ന് നാട്ടുകാർ

devananda_1

കൊട്ടിയം: കേരളക്കരയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി ദേവനന്ദയെന്ന ഏഴുവയസുകാരി ഓർമ്മയായിട്ട് ഒരാണ്ട്. പള്ളിമൺ ആറിന്റെ കയങ്ങളിൽ ജീവൻപൊലിഞ്ഞ ദേവനന്ദയെ ഓർത്ത് തേങ്ങുകയാണ് ബന്ധുക്കളും നാട്ടുകാരും. നെടുമൺകാവ് ഇളവൂർ തടത്തിൽമുക്ക് ധനീഷ് ഭവനിൽ പ്രദീപ് കുമാറിന്റെയും ധന്യയുടെയും മകൾ ദേവനന്ദ(7)യുടെ മരണത്തിലെ ദുരൂഹത അവസാനിപ്പിക്കാൻ ഇന്നും അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.

ഏഴുവയസ്സുകാരിയുടെ മരണം മുങ്ങിമരണമായി കണ്ടെത്തി അന്വേഷണം അവസാനിപ്പിച്ചിട്ടുണ്ടെങ്കിലും ഇത് വിശ്വസിക്കാൻ ഈ നാട് ഒരുക്കമല്ല. ഇളവൂർ ഗ്രാമത്തിന്റെ ഓമന മകൾക്ക് നീതി ലഭിക്കണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. പോലീസിന്റെ കണ്ടെത്തലിലും നിഗമനങ്ങളിലും വിശ്വാസമില്ലെന്ന് ഇവർ പറയുന്നു.

വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ദേവനന്ദയെ 2020 ഫെബ്രുവരി 27നാണ് കാണാതായത്. വീടിന് പുറത്ത് തുണി അലക്കിക്കൊണ്ടിരുന്ന അമ്മയുടെ അടുത്തുനിന്ന് അകത്തേക്കുപോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. വിവരം നാടാകെ പരന്നതോടെ നാട്ടുകാർ ഒന്നടങ്കം തിരച്ചിൽ ആരംഭിച്ചു. പോലീസിന്റെ എല്ലാ അന്വേഷണവിഭാഗങ്ങളും ഫയർ ഫോഴ്‌സും അന്വേഷണത്തിൽ പങ്കാളിയായി. ഒരു പകലും രാവും നീണ്ട തിരച്ചിൽ നടന്നെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. സോഷ്യൽമീഡിയയിലൂടെ വാർത്ത പരന്നതോടെ കേരളമൊന്നാകെ ദേവനന്ദയെ അന്വേഷിച്ചിറങ്ങി.

എന്നാൽ, ഉറക്കമൊഴിച്ച് കാത്തിരുന്ന ഇളവൂർ ഗ്രാമവാസികളെയും ബന്ധുക്കളെയും തീരാദുഃഖത്തിലാഴ്ത്തി ദേവനന്ദയുടെ മൃതശരീരം അടുത്തദിവസം രാവിലെ പള്ളിമൺ ആറിന്റെ കൈവഴിയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ കുട്ടി ഒറ്റയ്ക്ക് ഒരിക്കലും ആറിന്റെ ഭാഗത്തേക്ക് പോയതായിരിക്കില്ലെന്നും ദേവനന്ദ തനിച്ച് പുറത്തിറങ്ങുന്ന കുട്ടിയല്ലെന്നും വീട്ടുകാരും നാട്ടുകാരും ഉറപ്പിച്ചു പറയുന്നു.

Exit mobile version