ചെറിയ പിള്ളാരുടേത് ഇല്ലെടേയ് എന്ന് പുച്ഛിച്ചതും ഡോക്ടർ ആകാൻ പോകുന്ന ആളായിരുന്നു; ക്ലാസ്സിലെ ഏറ്റവും മുറ്റ് ഐറ്റം ഏതെന്ന് ചോദിച്ച് അവളുടെ നമ്പർ ഒപ്പിച്ചു തരാൻ പറഞ്ഞവനും ഡോക്ടർ ആയിട്ടുണ്ട്; റാഗിങ് അനുഭവം തുറന്ന് പറഞ്ഞ് യുവാവ്

medical-student

കൊച്ചി: പഠനകാലത്ത് വലിയ മെന്റൽ ട്രോമകളിലേക്ക് തള്ളിവിട്ട സീനിയേഴ്‌സിന്റെ റാഗിങിനെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നിരവധി പേർ. മെഡിക്കൽ കോളേജുകളിൽ പഠനകാലത്ത് നേരിട്ട റാഗിങിനെ കുറിച്ചാണ് കൂടുതൽ പേരുടേയും തുറന്നുപറച്ചിൽ.

ഇപ്പോഴിതാ കേരളത്തിന് പുറത്ത് എംബിബിഎസ് പഠനത്തിനായി പോവുകയും അവിടെയുള്ള മലയാളികളായ സീനിയേഴ്‌സ് ക്രൂരമായി റാഗിങിനിരയാക്കിയ അനുഭവങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് ജസീൽ എസ്എ എന്ന യുവാവ്.

ജസീലിന്റെ ഫേസ്ബുക്ക് കുറിപ്പ്:

പ്ലസ് ടു കഴിഞ്ഞു ഭാഷയോ വേഷമോ പരിചയമില്ലാത്ത ഒരു സ്ഥലത്തു എംബിബിഎസ്സിന് അഡ്മിഷൻ കിട്ടിയതുകൊണ്ട് അവിടെ കോളേജ് ഹോസ്റ്റലിൽ ആക്കിയിട്ട്, ആകെ കണ്ട മലയാളിയായ സീനിയർനോട് മോനെ നോക്കിക്കോളണേ എന്ന് പറഞ്ഞു കാറിൽ കയറി കരഞ്ഞുതുടങ്ങിയ ഉമ്മയിൽ നിന്നായിരുന്നു തുടക്കം.. അവർ പോയിക്കഴിഞ്ഞതും കയ്യിലെടുത്തു തന്ന കുപ്പിയിൽ രണ്ടു നില മുകളിൽ കയറി ചൂടുവെള്ളം നിറച്ചുകൊണ്ടുവരാൻ പറഞ്ഞു തുടങ്ങിയ ദിവസങ്ങൾ.
സീനിയർസിനെ കണ്ടാൽ ഉടനെ അടിപ്പിക്കുന്ന ഒരു സല്യൂട്ട് ഉണ്ട്. വൃഷണത്തിൽ ഇടത്തെ കൈ കൊണ്ട് അമർത്തിപ്പിടിച്ചു കുതിച്ചുചാടി വലത്തേ കൈ കൊണ്ട് അടിക്കുന്ന മെഡിക്കൽ സല്യൂട്ട്. ആദ്യം അറച്ചുനിന്ന എന്റെ കഴുത്തിൽ മുറുക്കിപ്പിടിച്ചു ഭിത്തിയിൽ ചേർത്തുനിർത്തി നിനക്കെന്താടാ അടിച്ചാലെന്നുള്ള ചോദ്യവും അപ്പോൾ കിട്ടിയ കള്ളിന്റെ മണവും ഇപ്പോഴും കൺമുന്നിലുണ്ട്.
മലയാളിപ്പയ്യനെ റാഗ് ചെയ്യാൻ കാത്തിരുന്ന മലയാളികളായ കുറച്ചു സീനിയർസ് ആയിരുന്നു പിന്നീടുള്ള മുഖങ്ങളിൽ എല്ലാം..സ്മാർട്ട്‌ ഫോണുകൾ ഉണ്ടായിതുടങ്ങിയ കാലഘട്ടത്തിൽ, ബി എസ് എൻ എല്ലി ലൊക്കെ കഷ്ടിച്ച് ഇന്റർനെറ്റ് കിട്ടിതുടങ്ങിയ ആ സമയത്തു അതിലൊരു സീനിയർക്കു വേണ്ടിയിരുന്നത് പോൺ വീഡിയോസ് ആയിരുന്നു. ഉള്ള നെറ്റ് ഉപയോഗിച്ച് ഡൌൺലോഡ് ചെയ്തു കൊടുത്തതൊന്നും ഫ്രഷ് അല്ലെന്നും, ചെറിയ പിള്ളാരുടേത് ഇല്ലെടേയ് എന്ന് പറഞ്ഞു പുച്ഛിച്ചതും ഭാവിയിൽ ഡോക്ടർ ആകാൻ പോകുന്ന ആളായിരുന്നു.
ക്ലാസ്സിലെ ഏറ്റവും മുറ്റ് ഐറ്റം ഏതെന്നായിരുന്നു മറ്റൊരു ചോദ്യം. അറിയില്ല എന്ന മറുപടിക്ക് എന്നേക്കാൾ നന്നായി എന്റെ ബാച്ച്മേറ്റ്സിനെക്കുറിച്ചു പറഞ്ഞു അവളുടെ നമ്പർ ഒപ്പിച്ചു തരാൻ പറഞ്ഞവനും ഡോക്ടർ ആയിട്ടുണ്ട്. പാതിരാത്രിക്ക് കടകളെല്ലാം അടച്ചതിനു ശേഷം റൂമിൽ വന്നു കതകു തള്ളിതുറന്നു നാല് പാക്കറ്റ് സിഗരറ്റ് വാങ്ങിക്കൊണ്ടുവരാൻ പറഞ്ഞുവിട്ടവനെ എനിക്കിപ്പോഴും ഓർമയുണ്ട്. വഴിയറിയാതെ കട തേടി ഇരുട്ടിൽ നടന്നത് ഇപ്പോഴും ഓർമയുണ്ട്..
കൂട്ടത്തിലെ ലേശം തടിയുള്ള ഒരുവനെ പിടിച്ചു കമഴ്ത്തികിടത്തി അവന്റെ പാന്റ്സ് അഴിച്ചു അവന്റെ നഗ്നതയിൽ എന്നെക്കൊണ്ട് ചെണ്ട കൊട്ടിപ്പിച്ചു കടലിനക്കരെ പോണോരെ പാടിപ്പിച്ചവനെയും ഓർമയുണ്ട്..
എന്റെ ഫോണെടുത്തു അതിലെ പെൺ പേരുകളിൽ സേവ് ചെയ്തിട്ടുള്ള ഓരോ നമ്പറും എടുത്ത് ഇതാരെന്ന് ചോദിച്ചു ചോദിച്ചു ചിലർക്കൊക്കെ മിസ്സ്ഡ് കാൾ അടിച്ചവന്മാരെയും ഓർമയുണ്ട്. ഒരു രാത്രി മുഴുവൻ ആർച്ചിന് മുകളിൽ ധ്യാനത്തിനിരിക്കുന്നതു പോലെ നടുവിരൽ ഉയർത്തി ഇരുത്തിച്ചതും അത് ഫോട്ടോ എടുത്തു കളിയാക്കിചിരിച്ചതും നല്ല ഓർമയുണ്ട്..
അമ്പലത്തിൽ നിന്നു കേട്ട പാട്ടിനു ഡാൻസ് കളിക്കാൻ കുറച്ചു താമസിച്ചതിന്റെ പേരിൽ കുറെ പേരുടെ മുന്നിൽ വെച്ച് ചെകിടത്തു അടി കിട്ടിയതും അതുണ്ടാക്കിയ മെന്റൽ ട്രോമയെയും അടിച്ചവനെയും ഒരിക്കലും മറക്കാൻ സാധിക്കില്ല… വീട്ടിൽ പോലും വിളിക്കാൻ സമ്മതിക്കാതെ ഫോൺ വാങ്ങിവെച്ച കാള രാത്രികളെ മറക്കാൻ സമ്മതിക്കില്ല. ഭാഷ അറിയാത്തത് മൂലം വിഷമങ്ങൾ ഇറക്കിവെയ്ക്കാൻ കൂട്ടിനു ആരും ഇല്ലാതിരുന്ന ദിവസങ്ങൾ മറക്കാൻ കഴിയില്ല. ഒടുവിൽ ഒരു പാതിരാത്രിയിൽ അത്തയെ വിളിച്ചു പൊട്ടിക്കരഞ്ഞതും എനിക്കിവിടെ പറ്റില്ലാന്നു പറഞ്ഞതും അത് കേട്ടു ശബ്ദമിടറിയ അത്തയെയും ഇപ്പോഴും ഓർമയുണ്ട്. പിറ്റേന്ന് രാവിലെ ഓടിപ്പാഞ്ഞെത്തിയ അത്ത ഇല്ലായിരുന്നെങ്കിൽ, അന്ന് തന്നെ എന്നെ വെളിയിൽ ഒരു വീടെടുത്ത് താമസിപ്പിച്ചില്ലായിരുന്നെങ്കിൽ എനിക്ക് ഉണ്ടാകുമായിരുന്ന മാനസികാഘാതത്തെ പറ്റി ഞാൻ ഇപ്പോഴും ഓർക്കാറുണ്ട്…എന്നിട്ടും കിട്ടുന്ന അവസരത്തിലൊക്കെ റാഗിങ്ങും, പേടിച്ചു ഹോസ്റ്റൽ മാറിയവൻ എന്ന കളിയാക്കലും തുടർന്നുകൊണ്ടേയിരുന്നു.
റാഗിങ് അങ്ങനെയാണ്. ചെറിയ കാര്യങ്ങൾ പോലും ഒരേ രീതിയിലെ പ്രതികരണം ആയിരിക്കില്ല എല്ലാവരിലും ഉണ്ടാക്കുന്നത്. എനിക്കൊരിക്കലും ചെറിയ തരം റാഗിങ്ങുകൾ പോലും സഹിക്കാൻ കഴിയുമായിരുന്നില്ല. എന്നെപ്പോലെ ഒരായിരങ്ങൾ കാണും . അന്നെന്നെ റാഗ് ചെയ്തവരുമായിട്ടൊന്നും വലിയ അടുപ്പം ഉണ്ടായിട്ടുമില്ല, അതിനി ഉണ്ടാകുമെന്ന് തോന്നുന്നുമില്ല…
എന്നെ റാഗ് ചെയ്താലും നാളെ ഞാൻ റാഗ് ചെയ്യില്ല എന്ന ചിന്തയ്ക്ക് അതുകൊണ്ട് തന്നെ പ്രാധാന്യം ഉണ്ട്. ഞാൻ കടന്നുപോയ ദിവസങ്ങളിലൂടെ മറ്റൊരാൾ കടന്നുപോകരുതെന്ന വാശിയ്ക്ക് അതുകൊണ്ട് തന്നെ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കുവാൻ കഴിയും..
റാഗിങ്ങുകളെ പറ്റി തുറന്നെഴുത്തുകൾ ഇനിയും ഉണ്ടാകട്ടെ..!!❤❤

പ്ലസ് ടു കഴിഞ്ഞു ഭാഷയോ വേഷമോ പരിചയമില്ലാത്ത ഒരു സ്ഥലത്തു എംബിബിഎസ്സിന് അഡ്മിഷൻ കിട്ടിയതുകൊണ്ട് അവിടെ കോളേജ് ഹോസ്റ്റലിൽ…

Posted by Jazeel Sa on Sunday, 21 February 2021

Exit mobile version