കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കവി വിഷ്ണുനാരായണന്‍ നമ്പൂതിരി (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം തൈക്കാട്ടെ ശ്രീവല്ലി ഇല്ലത്തായിരുന്നു അന്ത്യം.

1939 ജൂണ്‍ 2-ന് തിരുവല്ലയില്‍ ഇരിങ്ങോലിലാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി ജനിച്ചത്. പാരമ്പര്യവും ആധുനികതയും ഒന്നുചേര്‍ന്ന കാവ്യസംസ്‌കാരത്തിന്റെ പ്രതിനിധിയായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരി. മനുഷ്യനെ കേന്ദ്രമാക്കി പ്രകൃതിയില്‍ നിന്നുകൊണ്ട് മനുഷ്യാനുഭവങ്ങളെ ആവിഷ്‌കരിച്ച കവിയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം, പ്രണയഗീതങ്ങള്‍, ഭൂമിഗീതങ്ങള്‍, ഇന്ത്യയെന്ന വികാരം, മുഖമെവിടെ, അപരാജിത, ആരണ്യകം, ഉജ്ജയിനിയിലെ രാപ്പകലുകള്‍, ചാരുലത എന്നിവയാണ് പ്രധാന കൃതികള്‍.

2014ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ് എന്നിവയും സ്വന്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ വിവിധ കോളജുകളില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന അദ്ദേഹം കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍നിന്നു വകുപ്പ് അധ്യക്ഷനായി വിരമിച്ചതിനു ശേഷം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി പ്രവര്‍ത്തിച്ചു.

പത്മശ്രീ പുരസ്‌കാരം (2014), എഴുത്തച്ഛന്‍ പുരസ്‌കാരം (2014), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1994), കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1979), വയലാര്‍ പുരസ്‌കാരം – (2010), വള്ളത്തോള്‍ പുരസ്‌കാരം – (2010), ഓടക്കുഴല്‍ അവാര്‍ഡ് – (1983), മാതൃഭൂമി സാഹിത്യപുരസ്‌കാരം, പി സ്മാരക കവിതാ പുരസ്‌കാരം – (2009) എന്നിങ്ങനെ നിരവധി സുപ്രധാന പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Exit mobile version