‘ശ്രീധരന്‍ മഹാനായ വ്യക്തി, ഏത് സ്ഥാനം വഹിക്കാനും യോഗ്യന്‍’; മോഹം നടക്കട്ടെയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ‘മെട്രോമാന്‍’ ഇ ശ്രീധരന്റെ ബിജെപി പ്രവേശനത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയാകാനുള്ള ശ്രീധരന്റെ മോഹം നടക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശ്രീധരന്‍ മഹാനായ വ്യക്തിയാണ്. വലിയ ടെക്നോക്രാറ്റും രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ആളുമാണ്. ഏത് സ്ഥാനം വഹിക്കാനും അദ്ദേഹം യോഗ്യനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ താത്പര്യമുണ്ടെന്ന ഇ ശ്രീധരന്റെ പരാമര്‍ശത്തോട് എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘അദ്ദേഹം ഒരു മഹാനായ വ്യക്തിയല്ലേ? വലിയ ടെക്നോക്രാറ്റ്… രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചയാള്‍… ഏത് സ്ഥാനം വഹിക്കാനും യോഗ്യനല്ലേ? അദ്ദേഹത്തിന്റെ മോഹത്തിനനുസരിച്ച് കാര്യങ്ങള്‍ നടക്കട്ടെ’- ചോദ്യത്തിന് ഇങ്ങനെ മറുപടി നല്‍കികൊണ്ട് മുഖ്യമന്ത്രി ചിരിക്കുകയും ചെയ്യുന്നുണ്ട്.

സംസ്ഥാനവുമായി ബന്ധപ്പെട്ട വന്‍ പദ്ധതികള്‍ക്ക് മുഖ്യമന്ത്രി എതിര് നിന്നിട്ടുണ്ടെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ താത്പര്യമുണ്ടെന്നും ഇ ശ്രീധരന്‍ പറഞ്ഞിരുന്നു.

അഴിമതിയില്‍ മുങ്ങിയ ഭരണമാണ് കേരളത്തിലേതെന്നും ഇ ശ്രീധരന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് ജനങ്ങളുമായി സമ്പര്‍ക്കം കുറവാണെന്നും സിപിഎമ്മിന് ജനങ്ങളുടെ ഇടയില്‍ മോശം ഇമേജാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്ക് പത്തില്‍ മൂന്ന് മാര്‍ക്ക് പോലും നല്‍കാനാകില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. ഒരു മന്ത്രിക്കും ഒന്നും ചെയ്യാന്‍ സ്വാതന്ത്യമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. തിരഞ്ഞെടുപ്പില്‍ പാലക്കാട്, മലപ്പുറം ജില്ലകളിലെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version