ധര്‍മജന് പിന്നാലെ രമേഷ് പിഷാരടിയും കോണ്‍ഗ്രസിലേക്ക്: ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും

തിരുവനന്തപുരം: നടനും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ ഇന്ന് പങ്കെടുക്കും. ഹരിപ്പാട് നടക്കുന്ന ഇന്നത്തെ സമാപന ചടങ്ങില്‍ താരം എത്തും.

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസിനായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണു രമേഷ് പിഷാരടിയുമെത്തുന്നത്. കോണ്‍ഗ്രസ് യുവനേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണു തീരുമാനം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രമേഷ് പിഷാരടി ചര്‍ച്ച നടത്തി.

നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ കൂടുതല്‍ ചലച്ചിത്രതാരങ്ങള്‍ കോണ്‍ഗ്രസിലേക്ക് എത്തുകയാണ്. കഴിഞ്ഞ ദിവസം നടനും സംവിധായകനുമായ മേജര്‍ രവിയും ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തിരുന്നു.

ചലച്ചിത്ര താരം ധര്‍മ്മജന്റെ ബാലുശ്ശേരി മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിത്വത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. രമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക് വരുന്നത് നല്ലകാര്യമാണെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും നടന്‍ ധര്‍മ്മജന്‍ പ്രതികരിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ നഗരസഭയിലേയ്ക്കു മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോയ്‌സ് മേരിക്ക് ആശംസയുമായി രമേഷ് പിഷാരടി എത്തിയിരുന്നു.

Exit mobile version