തെരുവുനായയെ അടിച്ചുപരിക്കേൽപ്പിച്ച് കുരുക്കിട്ട് റോഡിലൂടെ വലിച്ചിഴച്ചു; ദൃശ്യം പങ്കുവെച്ച് നാട്ടുകാരൻ; വൈറലായതോടെ പോലീസ് കേസെടുത്തു

കട്ടപ്പന: തെരുവുനായയെ ക്രൂരമായി അടിച്ചു പരുക്കേൽപ്പിച്ചശേഷം കുരുക്കിട്ട് റോഡിലൂടെ വലിച്ചിഴച്ച് ക്രൂരത. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ കട്ടപ്പന കൈരളി ജംക്ഷൻ മാണ്ടിയിൽ ഷാബുവിന്(51) എതിരെ പോലീസ് കേസെടുത്തു. തെരുവു നായയുടെ കഴുത്തിൽ കുരുക്കിട്ട് ഷാബു ടാർ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന ദൃശ്യം നാട്ടുകാരനായ സിദ്ധാർഥ് ആണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഇതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്.

തുടർന്ന് സിദ്ധാർഥ് അടക്കമുള്ള ദൃക്‌സാക്ഷികളുടെ മൊഴിയെടുത്ത പോലീസ് കേസെടുക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. കൈരളി ജംക്ഷൻ മേഖലയിൽ നായ ആക്രമിക്കാൻ എത്തിയപ്പോൾ പ്രതിരോധിച്ചശേഷം കുരുക്കിട്ട് വലിച്ചുകൊണ്ടു പോകുകയായിരുന്നെന്ന് ഷാബു പറഞ്ഞതായി പോലീസ് വ്യക്തമാക്കി.

നായയെ വെറ്റിനറി ഡോക്ടറുടെ സാന്നിധ്യത്തിൽ പരിശോധിച്ച് ചികിത്സനൽകിയ ശേഷം സാരമായി പരുക്കേറ്റ നായയെ പരാതിക്കാരായ 2 യുവാക്കളുടെ സംരക്ഷണയിലാക്കിയിരിക്കുകയാണ് പോലീസ്. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്ന നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Exit mobile version