വേണുഗോപാലന്‍ നായരെ ബലിദാനിയാക്കാനുള്ള ബിജെപി നീക്കം പൊളിഞ്ഞു! മരണത്തിന് ശബരിമല വിഷയവുമായി യാതൊരു ബന്ധവുമില്ല, രാഷ്ട്രീയവുമില്ല; വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മാത്രം; സഹോദരന്റെ ആത്മഹത്യയില്‍ വിശദീകരണവുമായി കുടുംബം

തിരുവനന്തപുരം: വേണുഗോപാലന്‍ നായരുടെ ആത്മഹത്യയില്‍ ശബരിമല വിഷയവുമായി യാതൊരു ബന്ധവുമില്ലെന്നും രാഷ്ട്രീയമില്ലെന്നും വ്യക്തമാക്കി അദ്ദേഹത്തിന്റെ കുടുംബം.

‘വ്യക്തിപരമായ പ്രശ്നങ്ങളാണ് സഹോദരനെ ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കരുത്. ശബരിമല സംഭവങ്ങളുമായും ബന്ധമില്ല’ വേണുഗോപാലന്‍ നായരുടെ സഹോദരങ്ങളായ വിശ്വംഭരന്‍ നായരും മണികണ്ഠന്‍ നായരും പറഞ്ഞു.

ബിജെപി നേതാവ് സികെ പത്മനാഭന്‍ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ആത്മഹത്യാശ്രമം. സമരപന്തലിന് എതിര്‍വശമുള്ള ക്യാപിറ്റോള്‍ ടവറിന് മുന്നില്‍ നിന്ന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൊളുത്തിയ ശേഷം വേണുഗോപാലന്‍ നായര്‍ സമരപന്തലിലേക്ക് ഓടിയെത്തുകയായിരുന്നു. എന്നാല്‍ പന്തലിന് അകത്തേക്ക് കടക്കാന്‍ സാധിച്ചില്ല. പീന്നീട് പോലീസെത്തിയാണ് തീയണച്ചത്. എഴുപത്തിയഞ്ച് ശതമാനം പൊള്ളലേറ്റ ഇയാള്‍ ഇന്നു വൈകിട്ടോടെയാണ് മരിച്ചത്

പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ വേണുഗോപാലന്‍ നായരെ ബിജെപി വര്‍ത്തകനാക്കാന്‍ ബിജെപി ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സജീവ ശ്രമം നടത്തുകയായിരുന്നു.

മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി ബന്ധുക്കള്‍ വീട്ടില്‍ തിരിച്ചെത്തിയതോടെ ബിജെപി ജില്ലാ നേതാക്കള്‍ ഒന്നടങ്കം സ്വാധീനിക്കാനെത്തി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി ശിവന്‍കുട്ടി വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടപ്പോള്‍ അവിടെ ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷും ഉണ്ടായിരുന്നു. സഹോദരങ്ങളെയും ബന്ധുക്കളെയും പാട്ടിലാക്കാനുള്ള നീക്കമെല്ലാം പരാജയപ്പെട്ടതോടെ ബിജെപി നേതാക്കള്‍ സ്ഥലംവിട്ടു.

തീകൊളുത്തിയ വേണുഗോപാലന്‍ നായരെ സമരപ്പന്തലിന് സമീപത്തുനിന്ന് കന്റോണ്‍മെന്റ് എസ്ഐയും രണ്ട് പോലീസുകാരുമാണ് ആശുപത്രിയിലെത്തിച്ചത്. സമരപ്പന്തലില്‍നിന്ന് ഒരു ബിജെപിക്കാരനും ഒപ്പം പോകാന്‍ തയ്യാറായില്ല. സജീവ ബിജെപി പ്രവര്‍ത്തകനും സമരകേന്ദ്രത്തിലെ പ്രവര്‍ത്തകനുമാണെങ്കില്‍ സഹപ്രവര്‍ത്തകര്‍ ഒപ്പം ആശുപത്രിയില്‍ പോകില്ലേ എന്ന ചോദ്യത്തിന് ബിജെപിക്കാര്‍ക്ക് ഉത്തരമില്ല.

അതേസമയം, ബിജെപിയുടെ ബലിദാനിയാക്കിയുള്ള മുതലെടുപ്പിന്റെ ഭാഗമാണ് നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലെന്നും ആരോപണം ഉയരുന്നുണ്ട്. ഭക്തരുടെ വികാരങ്ങളെ മാനിക്കാത്ത സര്‍ക്കാര്‍ നടപടിയാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് ബിജെപി ആരോപിച്ചിരിക്കുന്നത്.

അതേസമയം, ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നത് എന്നാണ് വേണുഗോപാലന്‍ നായരുടെ മരണമൊഴി. മരിക്കുന്നതിന് തൊട്ടു മുമ്പായി നല്‍കിയ മൊഴി ഡോക്ടറും മജിസ്‌ട്രേറ്റും രേഖപ്പെടുത്തി.

Exit mobile version