നദ്ദ ഇടപെട്ടിട്ടും രക്ഷയില്ല, പരിഹാരം തേടി പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയിലെ സംഘടനാ പ്രശ്‌നങ്ങളില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടി ശോഭ സുരേന്ദ്രന്‍. ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഇടപെട്ടിട്ടും പ്രശ്നത്തിന് പരിഹാരമാകാത്ത സാഹചര്യത്തില്‍ നരേന്ദ്ര മോഡി ഇടപെടണമെന്നാണ് ശോഭാ സുരേന്ദ്രന്റെ ആവശ്യം. ഇതോടെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ ബിജെപിയിലെ തര്‍ക്കങ്ങള്‍ പുതിയ തലത്തിലേക്ക് പരസ്യമായി നീങ്ങുകയാണ്.

നാളെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ശോഭ ഉന്നയിച്ച പ്രശ്നങ്ങള്‍ സംസ്ഥാന നേതാക്കളുമായി ചര്‍ച്ച ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ അധ്യക്ഷന്‍ വിളിച്ച യോഗത്തിലാണ് ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം ശോഭ സുരേന്ദ്രന്‍ പങ്കെടുത്തത്. കഴിഞ്ഞയാഴ്ചയാണ് ജെപി നദ്ദ പങ്കെടുക്കുന്ന ബിജെപി ഭാരവാഹി യോഗത്തില്‍ പങ്കെടുത്തത്.

കെ സുരേന്ദ്രന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി വന്നതിന് പിന്നാലെയാണ് ശോഭ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനിന്നത്. ശോഭാ സുരേന്ദ്രന്റെ അസാന്നിദ്ധ്യത്തെക്കുറിച്ച് ചോദ്യങ്ങള്‍ വന്നതോടെ പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് ശോഭ സുരേന്ദ്രന്‍ തുടരുന്നുവെന്നും അവരെ ആരും ഒഴിവാക്കിയിട്ടില്ലെന്നുമായിരുന്നു നേതൃത്വത്തിന്റെ ആദ്യ പ്രതികരണം.

ഏഴുമാസത്തിലേറെയായി ശോഭ സുരേന്ദ്രന്‍ പൊതുരംഗത്ത് സജീവമാകാത്തിന് കാരണം അവരോട് തന്നെ ചോദിക്കണമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞത്.

Exit mobile version