മധ്യവയസ് പിന്നിട്ടതൊന്നും തടസമായില്ല; ലോക്ക്ഡൗൺ കാലത്തെ ജനസേവന കേന്ദ്രത്തിലെ പ്രണയം വിവാഹത്തിലേക്ക്; രാജനും സരസ്വതിയും പ്രണയദിനത്തിൽ ഒന്നാകും

അടൂർ: പ്രായമൊന്നും പ്രണയത്തിനും വിവാഹത്തിനും തടസമല്ലെന്ന് രാജനും സരസ്വതിയും ഒരേ സ്വരത്തിൽ പറയും. കാരണം മധ്യവയസ് പിന്നിട്ടപ്പോഴാണ് ഇരുവരും കണ്ടതും പ്രണയിച്ചതും വിവാഹം കഴിക്കാൻ ഒരുങ്ങുന്നതും. അടൂരിൽ വയോജനങ്ങളെ പരിപാലിക്കുന്ന മഹാത്മ ജനസേവന കേന്ദ്രത്തിലെ അന്തേവാസികളായ രാജനും സരസ്വതിയും പ്രണയദിനമായ വാലന്റൈൻസ് ഡേയിലാണ് വിവാഹിതരാകാൻ പോകുന്നത്. 58 കാരനായ രാജനും 65കാരിയായ സരസ്വതിയും പ്രണയദിനത്തിൽ വിവാഹിതരാകും.

തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ രാജൻ വർഷങ്ങളായി ശബരിമല സീസണിൽ പമ്പയിലും പരിസരത്തുമുള്ള കടകളിൽ പാചകം ചെയ്താണ് ഉപജീവനം നടത്തിയിരുന്നത്. നാട്ടിലുള്ള സഹോദരിമാർക്കായി ജീവിതം ഉഴിഞ്ഞുവെച്ച രാജൻ സ്വന്തം ജീവിതത്തെ തന്നെ മറന്നായിരുന്നു ഇത്രനാളും ജീവിച്ചത്. സമ്പാദിക്കുന്ന പണം നാട്ടിലേക്ക് അയച്ചുകൊടുക്കും. വിവാഹം പോലും കഴിക്കാതെ സഹോദരിമാർക്കായി ജീവിച്ച രാജൻ പക്ഷെ, കോവിഡ് വ്യാപന കാലത്തെ ലോക്ക്ഡൗണിൽ കേരളത്തില് പെട്ടുപോയി. ഇതോടെ രാജനെ, അന്നത്തെ പമ്പ സിഐ പിഎം ലിബിയാണ് 2020 ഏപ്രിൽ 18ന് മഹാത്മയിലെത്തിച്ചത്. തുടർന്ന് അവിടെ വയോജനങ്ങളെ സംരക്ഷിച്ചും പാചകം ചെയ്തും ജീവിച്ചുവരികയായിരുന്നു.

മഹാത്മയിലെ അന്തേവാസിയായ അടൂർ മണ്ണടി പുളിക്കൽ സരസ്വതി (65)യാകട്ടെ ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ടപ്പോൾ പൊതുപ്രവർത്തകരും പോലീസും ചേർന്നാണ് 2018 ഫെബ്രുവരി രണ്ടിന് മഹാത്മയിലെത്തിച്ചത്. സംസാരവൈകല്യമുള്ള സരസ്വതി മാതാപിതാക്കൾ മരിച്ചതോടെയാണ് തനിച്ചായത്. സരസ്വതിയും അവിവാഹിതയാണ്. പിന്നീട് മഹാത്മയിൽ വെച്ചാണ് രാജനും സരസ്വതിയും പരസ്പരം അടുക്കുന്നത്. പരിചയം പ്രണയമായതോടെ ഇരുവരും തന്നെയാണ് മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലയോടും സെക്രട്ടറി എ പ്രിഷിൽഡയോടും തങ്ങളുടെ വിവാഹാഗ്രഹം തുറന്നു പറഞ്ഞത്. മഹാത്മാകേന്ദ്രവും അധികൃതരും ആഗ്രഹത്തിന് ഒപ്പം നിന്നതോടെ രാജനും സരസ്വതിക്കും വിവാഹപന്തൽ ഒരുങ്ങുകയാണ്.

ചിത്രം കടപ്പാട്: മാതൃഭൂമി

Exit mobile version